കേരള വോട്ടവലോകനം , 17 - എറണാകുളം ജില്ല (Part 2)


കഴിഞ്ഞ പോസ്റ്റിൽ എറണാകുളം ജില്ലയിലെ കൊച്ചി മണ്ഡലം വരെ പരിശോധിച്ചിരുന്നു. ജില്ലയിലെ അവശേഷിക്കുന്ന മണ്ഡലങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

-----------------------------------------------------

 8. തൃപ്പുണിത്തുറ

--------------------
ഇടതു പക്ഷത്തിനു രാഷ്ട്രീയ മേൽക്കോയ്മ ഉള്ള മണ്ഡലം ആണ് തൃപ്പുണിത്തുറ. എന്നാൽ കെ ബാബു എന്ന ജനകീയനായ കോൺഗ്രസ്സ് നേതാവ് തുടർച്ചയായി നിലനിർത്തി വന്ന മണ്ഡലം കൂടെ ആണ് തൃപ്പുണിത്തുറ. എന്നാൽ 2016 ലെ ബിജെപി യുടെ പൊടുന്നനെയുള്ള വോട്ടു വളർച്ചയും , അന്ന് ഉയർന്നു വന്ന പല അഴിമതി ആരോപണങ്ങളും ബാബുവിന്റെ തോൽവിക്ക് വഴിവെച്ചു. 2021 ഇൽ എന്നാൽ പൊതുവെ ഉള്ള ഭരണാനുകൂല സാഹചര്യത്തിലും ബാബുവിന് മണ്ഡലം തിരിച്ചു പിടിക്കാനായി.
തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയുടെ തിരുവാങ്കുളം മേഖല ഒഴിച്ചുള്ള ഭാഗങ്ങൾ , മരട് മുനിസിപ്പാലിറ്റി, കൊച്ചി കോർപ്പറേഷനിലെ എട്ടു ഡിവിഷനുകൾ, കുമ്പളം, ഉദയംപേരൂർ ഗ്രാമ പഞ്ചായത്തുകൾ എന്നിവ ഉൾപ്പെട്ടത് ആണ് തൃപ്പുണിത്തുറ മണ്ഡലം.


വൈപ്പിൻ MLA ആയ കെ എൻ ഉണ്ണിക്കൃഷ്ണൻ, വൈപ്പിനിൽ നിന്നും തൃപ്പൂണിത്തുറയിൽ ഇടതു പക്ഷത്തിനായി മത്സരിക്കാൻ എത്തുന്നു. കൊച്ചി ഡെപ്യൂട്ടി മേയർ ആയ ദീപക് ജോയ് കോൺഗ്രെസ്സിനായി മത്സരിക്കാനെത്തുന്നു. കെ ബാബുവിന്റെ ആശീർവാദത്തിൽ എത്തുന്ന ദീപക് ജോയ്‌ക്ക് ബാബുവിന്റെ മണ്ഡലത്തിലെ ബന്ധങ്ങളും സ്വാധീനവും അനുകൂല ഘടകങ്ങൾ ആണ്. ബിജെപി ക്കു കാര്യമായ സ്വാധീനമുള്ള മണ്ഡലത്തിൽ, പ്രത്യേകിച്ച് തൃപ്പുണിത്തുറ മുനിസിപ്പാലിറ്റി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആയി ഭരിക്കുമ്പോൾ, പക്ഷെ മണ്ഡലത്തിൽ മത്സരിക്കുന്നത് ട്വന്റി ട്വന്റി ആണ്. അഞ്ജലി നായർ എന്ന ചലച്ചിത്ര നടി ആണ് ദേശീയ ജനാധിപത്യ സഖ്യത്തിനായി മത്സരിക്കുന്നത്. ബിജെപി, സംഘ അനുഭാവി കുടുംബത്തിൽ നിന്ന് വരുന്ന അഞ്ജലിയുടെ പ്രചാരണം ബിജെപി തന്നെ ഏറ്റെടുത്തിരിക്കുന്നതിനാൽ മണ്ഡലത്തിലെ ബിജെപി അനുഭാവികളുടെ വോട്ടുകൾ പൂർണ്ണമായും ലഭിക്കാൻ വഴി വെച്ചേക്കാം.

പ്രവചനം: കനത്ത മത്സരം നടക്കുന്ന മണ്ഡലത്തിൽ, പൊതു ഭരണ വിരുദ്ധ വികാരം ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലം ആകാം. 

UDF: 67000

LDF: 61000

NDA: 25000


-----------------------------------------------------

9. എറണാകുളം

--------------------

എറണാകുളം നിയോജക മണ്ഡലം കോൺഗ്രസിന്റെ സുരക്ഷിത മണ്ഡലം ആണ്. സമുദായികമായും രാഷ്ട്രീയമായും കോൺഗ്രസിന് മേൽക്കൈ ഉള്ള മണ്ഡലമാണ് എറണാകുളം. കൊച്ചി കോർപ്പറേഷനിലെ ഇരുപത്തി നാലു ഡിവിഷനുകൾ ഉൾപ്പെട്ട മണ്ഡലത്തിൽ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തും കൂടിച്ചേർന്നിരിക്കുന്നു.


ബിജെപിയുടേയും ട്വന്റി ട്വന്റി യുടേയും മണ്ഡലത്തിലെ വളർച്ച കോൺഗ്രസ്സിന് ലഭിച്ചിരുന്ന ചില പരമ്പരാഗത വോട്ടുകളിൽ വിള്ളലുകൾ ഉണ്ടാക്കിയെങ്കിലും മണ്ഡലം ഇപ്പോഴും ശക്തമായ കോൺഗ്രസ് സ്വഭാവം തന്നെ ആണ് കാണിക്കുന്നത്.

പ്രവചനം: നിലവിലെ നിയമസഭാംഗമായ ടി ജെ വിനോദ് കോൺഗ്രെസ്സിനായി മത്സരിക്കുമ്പോൾ, മുൻ കൊച്ചി ഡെപ്യൂട്ടി മേയർ ആയിരുന്ന സാബു ജോർജ് ജനതാ ദൾ സ്ഥാനാർഥി ആയി ഇടതു മുന്നണിക്ക് വേണ്ടി മത്സരിക്കുന്നു. എൻ ഡി എ യ്ക്കായി ബിജെപിയുടെ വക്താവും ചാനൽ ചർച്ചകളിലെ സാന്നിധ്യവും ആയ പി ആർ ശിവശങ്കർ മത്സരിക്കുന്നു. കഴിഞ്ഞ തവണ ട്വന്റി ട്വന്റി ക്കു ലഭിച്ച വോട്ടുകൾ ശിവശങ്കർ നു ആകർഷിക്കാൻ ആയാൽ രണ്ടാം സ്ഥാനത്തിന് വേണ്ടി ഇടതു മുന്നണിയുമായി ഒരു ചെറിയ മത്സരത്തിന് സാധ്യത ഉണ്ട്.

UDF: 48000

LDF: 31000

NDA: 21000

-----------------------------------------------------

10. തൃക്കാക്കര

--------------------

തൃക്കാക്കര മുനിസിപ്പാലിറ്റിയും കൊച്ചി കോർപ്പറേഷനിലെ ഇരുപത്തി രണ്ടു വാർഡുകളും ഉൾപ്പെട്ട പൂർണ്ണമായും നഗര മണ്ഡലം ആണ് തൃക്കാക്കര. കോൺഗ്രസിന് വ്യക്തമായ രാഷ്ട്രീയ, സാമുദായിക മുൻതൂക്കമുള്ള മണ്ഡലം, രൂപീകൃതമായ മണ്ഡല പുനർ നിർണയത്തിന് ശേഷം കോൺഗ്രസ് മാത്രമേ വിജയിച്ചിട്ടുള്ളു. 


പ്രവചനം: നിലവിലെ നിയമസഭാംഗം ഉമാ തോമസ് കോൺഗ്രെസ്സിനായും അഡ്വക്കേറ്റ് പുഷ്പദാസ് സിപിഎമ്മിനായും മത്സരിക്കുമ്പോൾ, എൻഡിഎ യ്ക്കായ് അഖിൽ മാരാർ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി മത്സരിക്കുന്നു.

കാര്യമായ രാഷ്ട്രീയ മാറ്റങ്ങൾ ഒന്നുമില്ലാത്ത മണ്ഡലത്തിൽ, ട്വന്റി ട്വന്റി യ്ക്ക് എന്തെങ്കിലും ചലനം ഉണ്ടാക്കാൻ സാധിക്കുമോ എന്ന ആകാംഷ മാത്രമേ നിലവിലുള്ളു.

UDF: 63000

LDF: 47000

NDA: 22000

-----------------------------------------------------

11. കുന്നത്തുനാട്

--------------------

കേരളത്തിലെ ഏറ്റവും കൗതുകമുള്ള പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് ആണ് കുന്നത്തുനാട്. ട്വന്റി ട്വന്റി ക്കു വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ അവർ  ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായതോടെ ഉണ്ടാകാവുന്ന  രാഷ്ട്രീയ മാറ്റങ്ങൾ ഏറെ കൗതുകമുള്ളതു ആണ്. 
അടിസ്ഥാനപരമായി ഒരു കോൺഗ്രസ് അനുകൂല മണ്ഡലമാണ് കുന്നത്തുനാട്. ട്വന്റി ട്വന്റി യുടെ ക്ഷേമ രാഷ്ട്രീയത്തിന്റെ കടന്നു വരവിൽ  പല പഞ്ചായത്തുകളിലും കാലിടറിയ കോൺഗ്രസിനും ഇടതു പാർട്ടികൾക്കും , എന്നാൽ നിയമസഭ , ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ നേരിയ മുൻ‌തൂക്കം നിലനിർത്താൻ സാധിച്ചിട്ടുണ്ട്. എന്നാൽ മുഖ്യ ധാര മുന്നണിയുടെ ഭാഗമായി ട്വന്റി ട്വന്റി മത്സരിക്കുമ്പോൾ ഉണ്ടാകാവുന്ന അടിയൊഴുക്കുകൾ പ്രവചനാതീതമാണ്.

ഐക്കരനാട്‌, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂർ, പൂതൃക്ക, തിരുവാണിയൂർ, വടവുകോട്-പുത്തൻകുരിശ്, വാഴക്കുളം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കുന്നത്തുനാട് മണ്ഡലം.



പ്രവചനം: ട്വന്റി ട്വന്റി യുടെ സ്ഥാനാർത്ഥിയായി ബാബു ദിവാകരനും, ഐക്യ ജനാധിപത്യ മുന്നണിക്കായി വി പി സജീന്ദ്രനും, മണ്ഡലം നിലനിർത്താൻ സിപിഐ എമ്മിനായി പി വി ശ്രീനിജനും മത്സരിക്കുന്നു. ബിജെപിയുമായുള്ള സഖ്യത്തിന് ശേഷം , തങ്ങളുടെ വോട്ടു ബാങ്ക് , പ്രത്യേകിച്ചും ക്രൈസ്തവ വോട്ടുകൾ നിലനിർത്താനുള്ള ട്വന്റി ട്വന്റി യുടെ കഴിവ് അനുസരിച്ചു ജയപരാജയങ്ങൾ നിശ്ചയിക്കപ്പെടാം. കഴിഞ്ഞ നിയമസഭാ, ലോകസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ട്വന്റി ട്വന്റി ക്കു കിട്ടിയ വോട്ടുകളിൽ ഒരു വിഭാഗം , ബിജെപിയുമായുള്ള സഖ്യത്തിന്റെ പേരിൽ പാർട്ടിയെ കൈവിടാനുള്ള സാധ്യത ഉണ്ട്. ബിജെപിയുടെ വോട്ടു ഏതാണ്ട് മുഴുവനായി തന്നെ ട്വന്റി ട്വന്റി ക്കു ലഭിക്കും. കൂടാതെ വിജയ സാധ്യതയുടെ പേരിൽ കുറച്ചു ഭരണ വിരുദ്ധ വോട്ടുകളും ലഭിച്ചേക്കാം. എങ്കിലും ഐക്യ ജനാധിപത്യ മുന്നണിക്ക് ഒരു നേരിയ മുൻ‌തൂക്കം നിലവിൽ കാണുന്നു.

UDF: 56000

NDA: 53000

LDF: 47000

-----------------------------------------------------

12. പിറവം

--------------------

കോട്ടയം ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ എറണാകുളം ജില്ലയിലെ നിയമസഭാ മണ്ഡലം ആണ് പിറവം. യുഡിഎഫ് പ്രാമുഖ്യം ഉള്ള മണ്ഡലം, ഇലഞ്ഞി, മണീട്, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി, ആമ്പല്ലൂർ, എടക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി ഗ്രാമ പഞ്ചായത്തുകളും  പിറവം, കൂത്താട്ടുകുളം മുനിസിപ്പാലിറ്റികളും തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയുടെ തിരുവാങ്കുളം പ്രദേശവും ഉൾപ്പെട്ടത് ആണ്. 

കേരള കോൺഗ്രസ് മാണിയുടെ ഭാഗമായിരുന്ന ടി എം ജേക്കബ്, തുടർച്ചയായി ജയിച്ചു വന്ന മണ്ഡലം ആണ് പിറവം. പിന്നീട് അദ്ദേഹം പാർട്ടിയിൽ നിന്നും മാറി കേരള കോൺഗ്രസ് ജേക്കബ് പക്ഷം ഉണ്ടാക്കുകയും , ഐക്യ ജനാധിപത്യ മുന്നണിയുടെ തന്നെ ഭാഗമായി മത്സരിച്ചിരുന്നു. 2006 ലെ തിരഞ്ഞെടുപ്പിൽ സിപിഐഎം ന്റെ എം ജെ ജെക്കോബിനോട് പരാജയപ്പെട്ടെങ്കിലും 2011 ഇൽ മണ്ഡലം തിരിച്ചു പിടിച്ചു. 2012 ലെ അദ്ദേഹത്തിന്റെ മരണ ശേഷം, മകൻ അനൂപ് ജേക്കബ് മത്സരിച്ചു ജയിക്കുകയും മണ്ഡലം ഇതേവരെ നില നിർത്തി കൊണ്ട് പോകുകയും ചെയ്യുന്നു. ടി എം ജേക്കബിന്റെ കാലത്തു, മൂന്നു മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു ജേക്കബ് പക്ഷം, പക്ഷെ അനൂപ് ജേക്കബ് പിറവം എന്ന ഒറ്റ മണ്ഡലത്തിൽ പാർട്ടിയെ കേന്ദ്രീകരിക്കുകയും , മറ്റു മണ്ഡലങ്ങൾ മുന്നണിയിലെ മറ്റു പാർട്ടികൾക്ക് തിരിച്ചു നൽകുകയും ചെയ്തു.


കേരള കോൺഗ്രസ് മാണിയുടെ മുന്നണി പ്രവേശത്തോടെ , മാണി വിഭാഗത്തിന് സിപിഎം സീറ്റ് വിട്ടു നൽകി. മാണി വിഭാഗത്തിൽ നിന്നും സാബു കെ ജേക്കബ് മത്സരിക്കുമ്പോൾ , അനൂപ് ജേക്കബ് മണ്ഡലം നിലനിർത്താൻ ഇറങ്ങുമ്പോൾ, എൻഡിഎ യിൽ നിന്നും പുത്തൻ പരീക്ഷണത്തിന്റെ ഭാഗമായി ട്വന്റി ട്വന്റി യ്ക്കായി ജിബി എബ്രഹാം മത്സരിക്കുന്നു.

പ്രവചനം: മണ്ഡലത്തിൽ കേന്ദ്രീകരിക്കുന്ന അനൂപിന്റെ പ്രവർത്തന ശൈലി, മണ്ഡലത്തിൽ സ്വാധീനം വർധിപ്പിച്ചു കൊണ്ട് വരാൻ സഹായിച്ചിട്ടുണ്ട്. സിപിഎമ്മിന് നേരത്തെ മികച്ച സ്ഥാനാർഥികളിലൂടെ ശക്തമായ പോരാട്ടം കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, മാണി കോൺഗ്രസിന് അങ്ങനെ ഒരു മത്സരം കാഴ്ച വെക്കാൻ ഇതേവരെ സാധിച്ചിട്ടില്ല.

UDF: 78000

LDF: 58000

NDA: 25000

-----------------------------------------------------

13. മുവാറ്റുപുഴ

--------------------

ഇടുക്കി ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ടു മണ്ഡലങ്ങളിൽ ഒന്നാണ് മുവാറ്റുപുഴ.മുവാറ്റുപുഴ മുനിസിപ്പാലിറ്റി, അരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മാഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങോട്ടൂർ, പോത്താനിക്കാട് ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് മുവാറ്റുപുഴ മണ്ഡലം.

ഐക്യ ജനാധിപത്യ മുന്നണിക്ക് രാഷ്ട്രീയ, സാമുദായിക ഘടകങ്ങൾ അനുകൂലമാണെങ്കിലും, മണ്ഡലത്തിൽ സവിശേഷ സാഹചര്യങ്ങളിൽ കനത്ത രാഷ്ട്രീയ പോരാട്ടം കാഴ്ച വെക്കാനും  ഇടവിട്ടു വിജയിക്കാനും ഇടതു പക്ഷത്തിനു സാധിച്ചിട്ടുണ്ട്.


പ്രവചനം: കോൺഗ്രെസ്സിനായി മാത്യു കുഴൽനാടൻ മണ്ഡലം നിലനിർത്താൻ വീണ്ടും ഇറങ്ങുമ്പോൾ, സിപിഐ യുടെ എൻ അരുൺ ഇടതു മുന്നണിക്കായും, കഴിഞ്ഞ തവണ മൂന്നാമതെത്തിയ ട്വന്റി ട്വന്റി എൻഡിഎ യ്ക്കായി മത്സരത്തിനിറങ്ങുന്നു. പ്രത്യേകിച്ച് രാഷ്ട്രീയ മാറ്റങ്ങൾ ഒന്നും ഇല്ലാത്ത അനുകൂല സാഹചര്യം കോൺഗ്രസിന് മെച്ചപ്പെട്ട ഭൂരിപക്ഷത്തിനു സാധ്യത നൽകുന്നു.

UDF: 63000

LDF: 57000

NDA: 18000


-----------------------------------------------------

14. കോതമംഗലം

--------------------

ഐക്യ ജനാധിപത്യ മുന്നണിക്കു സാമുദായികമായും രാഷ്ട്രീയമായും മുൻ‌തൂക്കം ഉള്ള മണ്ഡലം ആണ് കോതമംഗലം. എന്നാൽ ആന്റണി ജോൺ എന്ന നേതാവിലൂടെ കഴിഞ്ഞ രണ്ടു തവണ തുടർച്ചയായി സിപിഐഎം ജയിച്ചു വരുന്നു.

കോതമംഗലം മുനിസിപ്പാലിറ്റി, കവലങ്ങാട്, കീരമ്പാറ, കോട്ടപ്പാടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വരപ്പെട്ടി ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് കോതമംഗലം നിയോജക മണ്ഡലം.


പ്രവചനം: ആന്റണി ജോൺ വീണ്ടും മണ്ഡലം നില നിർത്താൻ ഇറങ്ങുമ്പോൾ, കഴിഞ്ഞ തവണ ഐക്യ ജനാധിപത്യ മുന്നണയുടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നുള്ള ഷിബു തെക്കുംപുറം വീണ്ടും മത്സരിക്കുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്നും ബിഡിജെഎസ്സ്‌ നായി അജി നാരായണൻ മത്സരിക്കുന്നു. 2016 ഇൽ ഇരുപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന ആന്റണി ജോൺനെ, ഭരണാനുകൂല സാഹചര്യത്തിൽ പോലും ആറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിടിച്ചു കെട്ടാൻ ഷിബു തെക്കുംപുറത്തിനു സാധിച്ചിരുന്നു. മണ്ഡലത്തിലെ സാമുദായിക ഘടകങ്ങളും, ഭരണ വിരുദ്ധ വികാരവും ഐക്യ ജനാധിപത്യ മുന്നണിയ്ക്കു കടുത്ത പോരാട്ടത്തിൽ ഒരു ചെറിയ മേൽക്കൈ നൽകാനാണ് കൂടുതൽ സാധ്യത.

UDF: 66000

LDF: 59000

NDA: 6000


-------------------------------------

പൊതുചിത്രം: ജില്ലയിലെ പതിന്നാലു മണ്ഡലങ്ങളിൽ 2021 ഇൽ ഒൻപതു മണ്ഡലങ്ങളിൽ ആണ് ഐക്യ ജനാധിപത്യ മുന്നണിക്ക് ജയിക്കാനായത്. ഇടതു മുന്നണി അഞ്ചു മണ്ഡലങ്ങളിലും വിജയിച്ചു. ഐക്യ ജനാധിപത്യ മുന്നണിക്ക് സാമുദായികവും രാഷ്ട്രീയമായും , സംഘടനാപരമായും മുൻ‌തൂക്കം ഉള്ള ജില്ലയിൽ , ഒരു പൊതു ഭരണവിരുദ്ധ വികാരം ഉള്ള രാഷ്ട്രീയ സാഹചര്യത്തിൽ, ഇപ്പോൾ ഉള്ള മണ്ഡലങ്ങൾ നില നിർത്താനും, കൂടുതൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാനും, ഇപ്പോൾ ഇടതു മുന്നണിയുടെ കൈയ്യിൽ ഇരിക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോരാട്ടത്തിനും കാഴ്ച വെക്കാനും ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിക്കുന്നത് ആണ്.

ട്വന്റി ട്വന്റി ക്കും കാര്യമായ സ്വാധീന മേഖലകളും, കൂടാതെ ഒരു പൊതു സ്വീകാര്യതയും ഉള്ള ജില്ലയാണ് എറണാകുളം. ട്വന്റി ട്വന്റി യുടെ എൻഡിഎ പ്രവേശനം ഒരു കറുത്ത കുതിര ആകുമോ എന്ന രാഷ്ട്രീയ കൗതുകവും ആകാംക്ഷയും നിലനിൽക്കുന്നു. ട്വന്റി ട്വന്റി, ബിജെപിയുടെ ഭാഗമാകുമ്പോൾ, അവരുടെ പരമ്പരാഗത ന്യുനപക്ഷ വോട്ടുകളിൽ, യുഡിഎഫ് ലേക്ക് ഒരു തിരിച്ചു പോക്കുണ്ടാകുമോ എന്നുള്ളത് മിക്ക മണ്ഡലങ്ങളിലും ജയപരാജയങ്ങളെ ബാധിക്കും. എന്നാൽ ഒരു വികസന അജണ്ട മുന്നോട്ടു വെക്കുന്ന രണ്ടു പാർട്ടികൾ ഒരുമിക്കുന്നത് നഗര മണ്ഡലങ്ങളിൽ മധ്യ വർഗ വോട്ടുകളിൽ എന്തെങ്കിലും ചലനം ഉണ്ടാക്കുമോ എന്നുള്ളതും ഒരു ഘടകം ആണ്.

നേരത്തെ പറഞ്ഞത് പോലെ, ഐക്യ ജനാധിപത്യ മുന്നണിക്ക് തന്നെയാണ് മണ്ഡലത്തിൽ മേധാവിത്വം. കൈവശം ഉള്ള എല്ലാ മണ്ഡലങ്ങളും, പെരുമ്പാവൂർ ഒഴിച്ച്, മുന്നണി മികച്ച ഭൂരിപക്ഷത്തിൽ തന്നെ നിലനിർത്തും. പെരുമ്പാവൂരിൽ നിലവിലെ നിയമസഭാംഗത്തെ അവസാന നിമിഷം മാറ്റിയതും, ട്വന്റി ട്വന്റി യുടെ പ്രകടനവും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയ സാധ്യതയിൽ ഇടിവ് ഉണ്ടാക്കുമെങ്കിലും, മണ്ഡലം നേരിയ ഭൂരിപക്ഷത്തിനു തന്നെ നില നിർത്താം.

ഇടതു മുന്നണിക്ക് കൈവശം ഉള്ള മണ്ഡലങ്ങൾ തന്നെ നില നിർത്താൻ വളരെ ബുദ്ധിമുട്ടായിരിക്കും. കളമശ്ശേരിയും കൊച്ചിയും സ്ഥാനാർത്ഥികളുടെ മണ്ഡലത്തിലെ സ്വാധീനത്തിൽ നില നിർത്താൻ സാധിച്ചേക്കാം. വൈപ്പിൻ മണ്ഡലം രാഷ്ട്രീയ അടിത്തറ മൂലവും, യുവ സ്ഥാനാർത്ഥിയുടെ സാന്നിധ്യവും  മൂലം മണ്ഡലം നേരിയ ഭൂരിപക്ഷത്തിൽ നില നിർത്തിയേക്കാം. ഒരു യുഡിഎഫ് അനുകൂല തരംഗം ഇല്ലാത്ത ഒരു സാഹചര്യം ആണ് ഉരുത്തിരിയുന്നത് എങ്കിൽ , ചിലപ്പോൾ പെരുമ്പാവൂർ മണ്ഡലം ഇടതു മുന്നണി പിടിച്ചെടുത്തേക്കാം. എന്നാൽ അതിനുള്ള സാധ്യത തുലോം തുച്ഛം ആണെന്ന് മാത്രം.

മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ പുതുമയും, വിജയ സാധ്യതയും, മികച്ച പ്രചാരണവും ഫലപ്രാപ്തിയിലെത്തിയാൽ ഒരു പരിധി വരെ കുന്നത്തുനാട് മണ്ഡലം പിടിച്ചെടുക്കാൻ എൻഡിഎ മുന്നണിക്ക് സാധിച്ചേക്കാം. ന്യുനപക്ഷ വോട്ടുകളെ കൂടെ നിർത്താനും, നിഷ്പക്ഷ വോട്ടുകളിലും, ഭരണ വിരുദ്ധ വോട്ടുകളെ കൂടെ നിർത്തുന്നതിലും ട്വന്റി ട്വന്റിക്കു  ഇതിനു സാധിക്കേണ്ടിയിരിക്കുന്നു. 

UDF: 11 (+2)

LDF: 3 (-2)

NDA: 0



Comments