കേരള വോട്ടവലോകനം , 12 - പാലക്കാട് ജില്ല (Part 2)


 കഴിഞ്ഞ പോസ്റ്റിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വരെയുള്ള മണ്ഡലങ്ങൾ അവലോകനം നടത്തിയിരുന്നു. പാലക്കാട് ജില്ലയിലെ കനത്ത മത്സരം നടക്കുന്ന രണ്ടു മണ്ഡലങ്ങൾ വിശദമായി നമുക്ക് ഇവിടെ പരിശോധിക്കാം.

-----------------------------

7. മലമ്പുഴ

--------------------

അകത്തേത്തറ, എലപ്പുള്ളി, കൊടുംബ, മലമ്പുഴ, മരുതറോഡ്, മുണ്ടൂർ, പുതുപ്പരിയാരം, പുതുശ്ശേരി എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് മലമ്പുഴ നിയോജക മണ്ഡലം. ഇടതു കുത്തക മണ്ഡലം ആയ ഇവിടെ കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപി ആണ് രണ്ടാമത്. ബിജെപി വളർച്ച ആദ്യ കാലങ്ങളിൽ കോൺഗ്രസിന്റെ വോട്ടുകൾ കൈപ്പിടിയിൽ ഒതുക്കിയായിരുന്നെങ്കിലും അടുത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇടതു വോട്ടുകളിലും ചെറിയ തോതിലുള്ള ചാഞ്ചാട്ടം വ്യക്തമാണ്.

അകത്തേത്തറ പഞ്ചായത്ത് ബിജെപിക്ക് മുൻ‌തൂക്കം നൽകുമ്പോൾ, മലമ്പുഴ പഞ്ചായത്തിൽ ഇടതിനും ബിജെപിയ്ക്കും തുല്യമായ ശക്തി ഉണ്ട്. എലപ്പുള്ളി, കൊടുംബ, മുണ്ടൂർ, പുതുപ്പരിയാരം, പുതുശ്ശേരി പഞ്ചായത്തുകൾ ഇടതു മുന്നണിക്ക് മികച്ച ഭൂരിപക്ഷം നൽകുന്ന പഞ്ചായത്തുകൾ ആണ്. മരുതറോഡ് പരമ്പരാഗതമായി ഇടതു മുന്നണിക്ക് മേൽക്കൈ നൽകുന്ന പഞ്ചായത്തു ആണെങ്കിലും, കഴിഞ്ഞ തദ്ദേശത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് നേരിയ മുൻ‌തൂക്കം നൽകിയിട്ടുണ്ട്.

പ്രവചനം: നിലവിലെ നിയമസഭാംഗം ആയ പ്രഭാകരൻ തന്നെ ഇടതു മുന്നണിക്കായി വീണ്ടും മത്സരിക്കുമ്പോൾ, കഴിഞ്ഞ രണ്ടു പ്രാവശ്യവും രണ്ടാമതെത്തിയ കൃഷ്ണകുമാർ ബിജെപിക്കായും മത്സരിക്കുമ്പോൾ, മണ്ഡലത്തിനെ 2021 വരെ പ്രതിനിധീകരിച്ച മുൻമുഖ്യമന്ത്രി അച്യുതാനന്ദന്റെ PA ആയിരുന്ന, സിപിഎം ഇൽ നിന്ന് അച്ചടക്ക നടപടി നേരിട്ട എ സുരേഷ് കോൺഗ്രസിന് വേണ്ടിയും മത്സരിക്കുന്നു. ഈ സാഹചര്യത്തിൽ ബിജെപിക്ക് വിജയത്തിലെത്തിയില്ലെങ്കിലും ഇടതു മുന്നണിയുടെ ഭൂരിപക്ഷം കാര്യമായി കുറക്കാനുള്ള സാഹചര്യം നിലവിൽ ഉണ്ട്.

LDF: 71000

NDA: 58000

UDF: 35000

-----------------------------------------
8. പാലക്കാട്
--------------------
പാലക്കാട് മുനിസിപ്പാലിറ്റിയും കണ്ണാടി, പിരായിരി, മാത്തൂർ ഗ്രാമപഞ്ചായത്തുകളും കൂടി ചേർന്ന നിയമസഭാ മണ്ഡലം ആണ് പാലക്കാട്. കഴിഞ്ഞ കുറെ നാളുകളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന മണ്ഡലം 2021 ഇൽ മെട്രോമാൻ, ശ്രീ ഇ ശ്രീധരന്റെ സ്ഥാനാര്ഥിത്വത്തിലൂടെ വാർത്തകളിൽ നിറഞ്ഞിരുന്നു. കഴിഞ്ഞ കുറെ കാലങ്ങളായി എല്ലാ തല തിരഞ്ഞെടുപ്പുകളിലും ബിജെപി രണ്ടാമതെത്തുകയും, സിപിഎം മൂന്നാമതാകുകയും ചെയ്യുന്ന മണ്ഡലം ആണ് പാലക്കാട്. ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി ബിജെപിയുടെ വളർച്ച സിപിഎം നെയാണ് ഇവിടെ പുറകോട്ടു വലിച്ചതും, മുസ്ലിം വോട്ടുകൾ പൂർണ്ണമായും കോൺഗ്രസിനോട് ചേർന്നതും.

ബിജെപി ക്കു മണ്ഡലത്തിൽ വിജയിക്കണമെങ്കിൽ , മുനിസിപ്പാലിറ്റിയിൽ നിന്നും സമാഹരിക്കാവുന്ന പരമാവധി വോട്ടുകൾ നേടേണ്ടതുണ്ട്. കണ്ണാടി , മാത്തൂർ പഞ്ചായത്തുകൾ പരമ്പരാഗത ഇടതു മേഖലകൾ ആണ്. പിരായിരി പഞ്ചായത്തിൽ പകുതിയോളം ജനസംഖ്യ മുസ്ലിം ജനവിഭാഗങ്ങൾ ആണ്. പഞ്ചായത്തുകളിൽ ബിജെപിക്ക് ഇതുവരെ നാലിലൊന്നു വോട്ടുകളിന് മുകളിൽ ലഭിച്ചിട്ടില്ല. അത് കൊണ്ട് തന്നെ പഞ്ചായത്തുകളിൽ സ്വാധീനം വർധിപ്പിക്കുകയും മുനിസിപ്പാലിറ്റിയിൽ പരമാവധി വോട്ടുകളും നേടുക എന്നതാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം വിജയത്തിലേക്കുള്ള വഴി.
കോൺഗ്രസിന് എന്നാൽ കാര്യങ്ങൾ ഇവിടെ എളുപ്പം ആണ്. മണ്ഡലത്തിലെ നാലിലൊന്നോളം വരുന്ന മുസ്ലിം ജനവിഭാഗങ്ങൾ , ബിജെപിയുടെ വിജയം തടയാനായി കോൺഗ്രസിന്റെ ഏതു സ്ഥാനാർഥി നിന്നാലും പിന്നിൽ അണി നിരക്കുന്നുണ്ട്. കൂടാതെ മണ്ഡലത്തിന്റെ എല്ലാ മേഖലകളിലും ഒന്നാമതോ രണ്ടാമതോ സ്ഥാനം നില നിർത്തുന്നതിനാൽ കോൺഗ്രസിന് ആകെ വോട്ടുകളിൽ കാര്യമായ കുറവുണ്ടാകാറില്ല.

ഇടതു പക്ഷത്തിനു വിജയം ഏറെക്കുറെ അന്യമായ മണ്ഡലം ആണ് പാലക്കാടു, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ. അത് കൊണ്ട് തന്നെ സ്വതന്ത്ര സ്ഥാനാർഥി പരീക്ഷണത്തിനുള്ള തയ്യാറെടുപ്പിൽ ആണ് ഇടതു മുന്നണി ഇപ്പോൾ.

പാലക്കാട് മുനിസിപ്പാലിറ്റി
----------------------
മുനിസിപ്പാലിറ്റി യിൽ 2015 മുതൽ ബിജെപി ആണ് ഏറ്റവും വലിയ ഒറ്റകക്ഷിയും ഭരണത്തിലുള്ളതും. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് ഇവിടെ നിന്ന് മുൻ‌തൂക്കം ലഭിക്കുന്നുണ്ട്, എന്നാൽ ഐക്യ ജനാധിപത്യ മുന്നണിക്കും അധികം പിന്നിൽ അല്ലാതെ മുനിസിപ്പാലിറ്റിയിൽ വോട്ടുകൾ ലഭിക്കുന്നുണ്ട്.


ബിജെപിയ്ക്ക് വിജയിക്കണമെങ്കിൽ, മുനിസിപ്പാലിറ്റിയിൽ ഐക്യ ജനാധിപത്യ മുന്നണിയേക്കാൾ  8000 വോട്ടുകളുടെ അടുത്ത് ഭൂരിപക്ഷം നേടേണ്ടതുണ്ട്.
കോൺഗ്രസിനെ സംബന്ധിടത്തോളം, ബിജെപി 35000 ഇൽ അധികം വോട്ടുകൾ മുനിസിപ്പാലിറ്റി മേഖലയിൽ നിന്നും പിടിച്ചിട്ടില്ല എങ്കിൽ കാര്യങ്ങൾ സുഗമം ആണ്.

കണ്ണാടി പഞ്ചായത്ത്

പരമ്പരാഗത ഇടതു ശക്തികേന്ദ്രം ആണ് കണ്ണാടി പഞ്ചായത്ത്. ബിജെപി യ്ക്ക് ജയം കൈവരിക്കണമെങ്കിൽ ഇവിടെ നിന്നും മൂന്നിലൊന്നു വോട്ടുകൾക്കു മുകളിൽ നേടുകയും, കോൺഗ്രസ് മൂന്നാമത് ആകുകയും ചെയ്യേണ്ടതുണ്ട്.
കോൺഗ്രസിന് നിലവിലെ സ്ഥിതി തുടർന്നാൽ മതിയാകും. ബിജെപി ഇവിടെ മുന്നേറിയലും, ബിജെപിയുമായുള്ള അകലം ആയിരം വോട്ടുകൾക്ക് താഴെ ആണെങ്കിൽ കോൺഗ്രസിന്റെ വിജയത്തിന് ഭീഷണി ഉണ്ടാകില്ല.


മാത്തൂർ പഞ്ചായത്ത്

മറ്റൊരു പരമ്പരാഗത ഇടതു ശക്തികേന്ദ്രം ആണ് മാത്തൂർ പഞ്ചായത്ത്. ബിജെപി യ്ക്ക് ജയം കൈവരിക്കണമെങ്കിൽ ഇവിടെ നിന്നും ചുരുങ്ങിയത് മുപ്പതു ശതമാനത്തിനടുത്തെങ്കിലും വോട്ടുകൾ നേടേണ്ടതുണ്ട്. ഇടതു കേന്ദ്രം ആണെങ്കിലും കോൺഗ്രസിനും ഇടതു പക്ഷത്തോളം ശക്തമായ സ്വാധീനം ഉണ്ടിവിടെ. ഇവിടെയും കോൺഗ്രസിന് നിലവിലെ സ്ഥിതി തുടർന്നാൽ തന്നെ മതിയാകും, സുഗമമായ വിജയത്തിന്.



പിരായിരി പഞ്ചായത്ത്

നേരത്തെ സൂചിപ്പിച്ചതു പോലെ ജനസംഖ്യയിൽ പകുതിയോളം മുസ്ലിം ജനവിഭാഗങ്ങൾ ആയതിനാൽ തന്നെ ഐക്യ ജനാധിപത്യ മുന്നണിയുടെ ശക്തികേന്ദ്രം ആണ് പിരായിരി പഞ്ചായത്ത്. 2021 ഇൽ ബിജെപിയുടെ വിജയം തടഞ്ഞതിൽ, പിരായിരി പഞ്ചായത്തിന് മുഖ്യ പങ്കുണ്ടായിരുന്നു. ബിജെപി മുനിസിപ്പാലിറ്റിയിൽ നിന്നും നേടിയ ഭൂരിപക്ഷത്തെ മറികടക്കാൻ , പിരിയായിരി പഞ്ചായത്തിലൂടെ കോൺഗ്രെസ്സിനായി.
ബിജെപി യ്ക്ക് കോൺഗ്രസിന്റെ വിജയം തടയണമെങ്കിൽ കോൺഗ്രെസ്സുമായി ഉള്ള വോട്ടു വ്യത്യാസം അയ്യായിരം വോട്ടുകൾക്ക് താഴെ എങ്കിലും നിർത്തേണ്ടതുണ്ട്.



പ്രവചനം: കോൺഗ്രെസ്സിനായി ചലച്ചിത്ര ടെലിവിഷൻ ഹാസ്യതാരം രമേശ് പിഷാരടി മത്സരത്തിനിറങ്ങുമ്പോൾ, ബിജെപിയിൽ നിന്നും  ശോഭ സുരേന്ദ്രൻ മത്സരത്തിനിറങ്ങുന്നു, ഇടതു പക്ഷം പൊതു സ്വതന്ത്രൻ എന്ന അടവുനയം പരീക്ഷിക്കുകയാണ്. നിലവിലെ MLA രാഹുൽ മാങ്കൂറ്റത്തിനെതിരെ ഉള്ള പീഡന ആരോപണങ്ങൾ കോൺഗ്രസിന് തിരിച്ചടി ആണ്.
എങ്കിലും മണ്ഡലത്തിലെ പൊതു സ്വാധീനവും , മുസ്ലിം വോട്ടു ബാങ്കും കോൺഗ്രസിനു കാര്യങ്ങൾ എളുപ്പം ആകുന്നുണ്ട്. ശോഭ സുരേന്ദ്രന് ബിജെപി  വോട്ടുകൾക്ക് അപ്പുറം , സ്ത്രീകളെ സ്വാധീനിക്കാൻ സാധിച്ചാൽ കനത്ത മത്സരം പ്രതീക്ഷിക്കാവുന്നതു ആണ്. എങ്കിലും മുൻ‌തൂക്കം കോൺഗ്രസിന് തന്നെ.

UDF: 52000

NDA: 48000

LDF: 36000

-------------------------------------------

തുടരും, ജില്ലയിലെ ബാക്കി മണ്ഡലങ്ങൾ അടുത്ത പോസ്റ്റിൽ




Comments