കേരള വോട്ടവലോകനം , 11 - പാലക്കാട് ജില്ല

പാലക്കാട് ജില്ലയിൽ ആകെ 12 നിയമസഭാ മണ്ഡലങ്ങൾ ആണുള്ളത്. രാഷ്ട്രീയമായി ഇടതു പക്ഷത്തിനു വളരെ വലിയ മേൽക്കൈ ഉള്ള ജില്ലയാണ് പാലക്കാട്. 2021 ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള പന്ത്രണ്ടിൽ പത്തും, 2016 ൽ ഒൻപതു മണ്ഡലങ്ങളും ഇടതു പക്ഷത്തിനു വിജയിക്കാനായി. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും ബലാബലം വന്ന 2011 ലെ തിരഞ്ഞെടുപ്പിലും ഏഴു മണ്ഡലങ്ങളിൽ ഇടതു പക്ഷത്തിനു വിജയിക്കാനായി. ജില്ലയിലെ രാഷ്ട്രീയത്തിൽ ഇടതു പക്ഷത്തിനുള്ള മേൽകൈ ആണിത് സൂചിപ്പിക്കുന്നത്.

കൂടാതെ ബിജെപി ജില്ലയിൽ ഉണ്ടാക്കിയിട്ടുള്ള പടി പടി ആയുള്ള വളർച്ചയും ശ്രദ്ധേയം ആണ് . ബിജെപിയുടെ വളർച്ച 2011 നു ശേഷം ആണ് കൂടുതൽ പ്രകടമായിട്ടുള്ളത് . പൊതുവേ ഇത് സാരമായി ബാധിച്ചിട്ടുള്ളത് ഐക്യ ജനാധിപത്യ മുന്നണിയെ ആണ്, വിശിഷ്യാ കോൺഗ്രസിന്റെ വോട്ടു ബാങ്കിൽ. അടുത്തിടെ ബിജെപി യുടെ വളർച്ച ഇടതിന്റെ പരമ്പരാഗത വോട്ടുകളിലും ചില വിള്ളലുകൾ ഉണ്ടാക്കുന്നതായി കാണുന്നുണ്ട്.

1. തൃത്താല 2. പട്ടാമ്പി 3. ഷൊർണ്ണൂർ 4. ഒറ്റപ്പാലം 5. കോങ്ങാട്‌ 6. മണ്ണാർക്കാട് 7. മലമ്പുഴ 8. പാലക്കാട് 9. തരൂർ 10. ചിറ്റൂർ 11. നെന്മാറ 12 ആലത്തൂർ

എന്നിവയാണ് , ജില്ലയിലെ മണ്ഡലങ്ങൾ.

--------------------------------------------

1. തൃത്താല

ആനക്കര, ചാലിശ്ശേരി, കപ്പൂർ , നാഗലശ്ശേരി, പരുധുർ, പട്ടിത്തറ, തിരുമിറ്റക്കോട് , തൃത്താല എന്നീ പട്ടാമ്പി താലൂക്കിലെ എട്ടു ഗ്രാമപഞ്ചായത്തുകൾ കൂടിച്ചേർന്നതു ആണ് തൃത്താല മണ്ഡലം. പൊന്നാനി ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ നിയമസഭാ മണ്ഡലം ആണ് തൃത്താല.


രാഷ്ട്രീയമായി യുഡിഎഫിനും എൽഡിഎഫിനും ഏകദേശം സമാസമം ശക്തിയുള്ള മണ്ഡലത്തിൽ, ബിജെപിയുടെ വോട്ടുകളിലുള്ള ഏറ്റക്കുറച്ചിലുകളും നിർണായകം ആണ്.

മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന ആദ്യ രണ്ടു തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർഥിയായ വി ടി ബലറാം വിജയിച്ചു വന്ന മണ്ഡലത്തിൽ , 2021 ൽ എം ബി രാജേഷിലൂടെ സിപിഎം നു വിജയിക്കാനായി. രാഷ്ട്രീയമായി ബലാബലം ആയതിനാൽ , സ്ഥാനാർത്ഥികളുടെ മികവും എലെക്ഷൻ മാനേജ്മെന്റും നിർണായകം ആയിട്ടുള്ള മണ്ഡലത്തിൽ ശക്തമായ അടിയൊഴുക്കുകൾ ഉണ്ടായേക്കാം.

ആനക്കര, ചാലിശ്ശേരി, കപ്പൂർ,പരുധുർ, പട്ടിത്തറ എന്നീ പഞ്ചായത്തുകളിൽ കോൺഗ്രസിന് വളരെ നേരിയ ഭൂരിപക്ഷം ലഭിക്കുമ്പോൾ,  നാഗലശ്ശേരി ഇടതു മുന്നണിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുന്ന പഞ്ചായത്ത് ആണ്.തിരുമിറ്റക്കോട് ഇടതു മുന്നണിക്ക് പ്രാമുഖ്യം ഉള്ള പഞ്ചായത്ത് ആണ്. തൃത്താല പഞ്ചായത്തിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പവും ആണ്. എല്ലാ പഞ്ചായത്തുകളിലും ഏറിയും കുറഞ്ഞും ഇരു മുന്നണികൾക്കും സമാനമായ സ്വാധീനം ആണുള്ളത് എന്ന് നമുക്ക് പഞ്ചായത്ത് തല വോട്ടുകളിൽ നിന്നും മനസ്സിലാക്കാം. ഇത് തൃത്താല മണ്ഡലത്തിലെ പോരാട്ടത്തിന്റെ കാഠിന്യം തെളിയിക്കുന്നു.

ലോകസഭയിലും തദ്ദേശത്തിലും സാമാന്യം ഭേദപ്പെട്ട വോട്ടുകൾ നേടുന്ന ബിജെപി ക്കു , പക്ഷെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വോട്ടുകൾ നിലനിർത്താൻ സാധിക്കുന്നതായി കാണാൻ കഴിയുന്നില്ല. മണ്ഡലത്തിലെ, ഇരു മുന്നണികളുടെയും രാഷ്ട്രീയ ബലാബലത്തിൽ , പ്രബല സ്ഥാനാർത്ഥികൾ ഈ വോട്ടുകൾ ആകർഷിക്കുന്നു എന്ന് വേണം കരുതാൻ. ബിജെപി അനുഭാവികളുടെ വോട്ടും അത് കൊണ്ട് തന്നെ വളരെ നിർണായകം ആണ്. 

പ്രവചനം: പൊതു ഭരണ വിരുദ്ധ വികാരം എം ബി രാജേഷിനു പ്രതികൂലം ആണെങ്കിലും, രാഷ്ട്രീയ വോട്ടുകളുടെയും മണ്ഡലത്തിലെ പ്രവർത്തനത്തിന്റെയും മികവിൽ , കഴിഞ്ഞ തവണ പോലെത്തന്നെ, ചെറിയ വോട്ടുകളുടെ പിൻബലത്തിൽ വീണ്ടും വിജയിച്ചു വരാനുള്ള സാധ്യത ഉണ്ട്. കൂടാതെ ബൽറാമിനെതിരെ ചില അടിയൊഴുക്കുകളും പ്രതീക്ഷിക്കാം. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയും ജയപരാജയങ്ങളെ സ്വാധീനിക്കുന്ന നിർണായക ഘടകം ആയിരിക്കും.

LDF: 68000

UDF: 66000

BJP: 14000


2. പട്ടാമ്പി

പട്ടാമ്പി മുനിസിപ്പാലിറ്റിയും, കൊപ്പം, കുളുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, തിരുവേഗപ്പുര, വല്ലപ്പുഴ,വിളയൂർ   എന്നീ പഞ്ചായത്തുകളും ചേർന്നത് ആണ് പട്ടാമ്പി നിയമസഭാ മണ്ഡലം. 2001 മുതൽ കോൺഗ്രസിലെ സിപി മുഹമ്മദ് തുടർച്ചയായി വിജയിച്ചു വന്ന മണ്ഡലം 2016 ഇൽ മുഹമ്മദ് മുഹ്‌സിൻ യിലൂടെ സിപിഐ പിടിച്ചെടുക്കുകയും 2021 ഇൽ മുഹ്സിൻ തന്നെ നില നിർത്തുകയും ചെയ്തു.

ഇതിൽ കൊപ്പം, കുളുക്കല്ലൂർ, മുതുതല, ഓങ്ങല്ലൂർ, വല്ലപ്പുഴ പഞ്ചായത്തുകളിൽ ഇരു മുന്നണികളും ഏതാണ്ട് ഒപ്പത്തിനൊപ്പം ആണ്. പക്ഷെ അടുത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതു പക്ഷത്തോടൊപ്പം ആണ് ഈ പഞ്ചായത്തുകൾ.

പട്ടാമ്പി മുനിസിപ്പാലിറ്റിയും, തിരുവേഗപ്പുര പഞ്ചായത്തും  ഐക്യ ജനാധിപത്യ മുന്നണിക്ക് നല്ല മുൻ‌തൂക്കം ഉള്ള പ്രദേശം ആണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സാമാന്യം ഭേദപ്പെട്ട ഭൂരിപക്ഷം ഇവിടങ്ങളിൽ നിന്നും മുഹ്‌സിൻ മത്സരിക്കുമ്പോൾ ലഭിക്കുന്നുണ്ട്.


പ്രവചനം: സിപിഐ യുടെ പ്രാദേശിക ഘടകങ്ങളുമായി ചില്ലറ അസ്വാരസ്യങ്ങൾ ഉണ്ടെങ്കിലും മുഹമ്മദ് മുഹ്‌സിൻ തന്നെ കുറഞ്ഞ ഭൂരിപക്ഷത്തിനു ആണെങ്കിലും മണ്ഡലം നില നിർത്താൻ ആണ് സാധ്യത കൂടുതൽ.

LDF: 69000

UDF: 63000

NDA: 17000


3. ഷൊർണ്ണൂർ

ഷൊർണ്ണൂർ, ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റികളും, അനങ്ങനടി, ചളവറ, നെല്ലായ, തൃക്കടീരി, വാണിയംകുളം, വെള്ളിനേഴി പഞ്ചായത്തുകളും ഉൾപ്പെട്ട ഷൊർണ്ണൂർ നിയമസഭാ മണ്ഡലം, ഒരു ഇടതു കോട്ടയാണ്. കഴിഞ്ഞ ഒരു ദശകത്തിലുണ്ടായ ബിജെപി യുടെ ശക്തമായ വളർച്ച, മണ്ഡലത്തിൽ കോൺഗ്രസിന്റെ രണ്ടാം സ്ഥാനം ഭീഷണിയിലാക്കിയിട്ടുണ്ട്.

പ്രവചനം:സിപിഎം നിന്നും നിലവിലെ MLA പി.മമ്മിക്കുട്ടി തന്നെ മത്സരിക്കുമ്പോൾ, ബിജെപി സ്ഥാനാർഥി ആയി ശങ്കു ടി ദാസ് ആണ് എത്തുന്നത്. കോൺഗ്രസ്, മണ്ഡലത്തിന് സുപരിചിതനായ ശക്തനായ സ്ഥാനാർഥിയെ നിർത്തിയില്ലെങ്കിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനുള്ള സാധ്യത ഉണ്ട്. മണ്ഡലം, കഴിഞ്ഞ തവണയെക്കാൾ കുറഞ്ഞ ഭൂരിപക്ഷത്തിൽ ആണെങ്കിലും, മികച്ച ഭൂരിപക്ഷത്തിൽ തന്നെ സിപിഎം നിലനിർത്തും.

LDF: 70000

UDF: 42000

NDA: 38000


4. ഒറ്റപ്പാലം

ഒറ്റപ്പാലം മുനിസിപ്പാലിറ്റി, അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലക്കിടി-പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകാര പഞ്ചായത്തുകളും ഉൾപ്പെട്ട മണ്ഡലമാണ് ഒറ്റപ്പാലം. സമീപ മണ്ഡലമായ ഷൊർണ്ണൂരിനു സമാനമായ രാഷ്ട്രീയ സ്വഭാവം പുലർത്തുന്ന ഈ മണ്ഡലത്തിൽ, പക്ഷെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് മണ്ഡലാടിസ്ഥാനത്തിൽ മുൻ‌തൂക്കം ലഭിച്ചപ്പോൾ , ബിജെപി യ്ക്കും മികച്ച വോട്ടുകൾ ലഭിച്ചു. എന്നാൽ നിയമസഭാ , തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇടതു പക്ഷം അതിന്റെ പരമ്പരാഗതമായ മുൻ‌തൂക്കം നില നിർത്തുകയും ചെയ്യുന്നു. തദ്ദേശ , ലോകസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ബിജെപിക്ക് എന്നാൽ നിയമസഭയിൽ ആ പ്രകടനം നില നിർത്താൻ സാധിക്കുന്നുമില്ല.

പ്രവചനം: ഇടതു പക്ഷത്തു നിന്നും നിലവിലെ നിയമസഭാംഗം കെ പ്രേംകുമാർ തന്നെ മത്സരിക്കുമ്പോൾ ബിജെപിക്കായി ചലച്ചിത്ര സംവിധായകൻ മേജർ രവി ആണ് മത്സരിക്കുന്നത്. മികച്ച സ്ഥാനാർത്ഥിയെ നിർത്തിയില്ലെങ്കിൽ, ഇവിടെയും കോൺഗ്രസിന്റെ വോട്ടുകൾ ചിലപ്പോൾ ബിജെപിയിലേക്ക് ചാഞ്ചാടിയേക്കാം.

LDF: 71000

UDF: 53000

NDA: 36000


5. കോങ്ങാട്‌
കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി, കാഞ്ഞിരപ്പുഴ, കരിമ്പ, കാരക്കുറിശ്ശി, തച്ചാംപാറ എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കോങ്ങാട് നിയമസഭാ മണ്ഡലം. കേരളശ്ശേരി, കോങ്ങാട്, മങ്കര, മണ്ണൂർ, പറളി, കാഞ്ഞിരപ്പുഴ, കരിമ്പ, കാരക്കുറിശ്ശി, തച്ചാംപാറ എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കോങ്ങാട് നിയമസഭാ മണ്ഡലം.
ബിജെപി ശക്തമായ സാന്നിദ്ധ്യം ആകുകയും ഒരു പരിധിക്കപ്പുറം വോട്ടുകൾ സമാഹരിക്കാൻ തുടങ്ങുകയും ചെയ്തപ്പോൾ , ഐക്യ ജനാധിപത്യ മുന്നണി പിന്നോക്കം പോകുകയും ചെയ്ത മണ്ഡലം ആണ് കോങ്ങാട്. സമാനമായ സ്ഥിതി പാലക്കാട് ജില്ല മുതൽ തിരുവനന്തപുരം വരെയുള്ള ധാരാളം മണ്ഡലങ്ങളിലും കാണാവുന്നത് ആണ്. യുഡിഎഫിന്റെ , അഥവാ കോൺഗ്രസിന്റെ വോട്ടുകളിൽ ബിജെപി കടന്നു കയറിയതോടെ ഇടതു മുന്നണിക്ക് തങ്ങളുടെ സ്വാധീനം നിലനിർത്തുക വഴി തന്നെ പല മണ്ഡലങ്ങളിലും വോട്ടു ശതമാനം വര്ധിപ്പിക്കാതെ തന്നെ ഭൂരിപക്ഷം വർധിപ്പിക്കാനും സാധിക്കുന്നുണ്ട്. കോങ്ങാട് ഇതിനു മികച്ച ഒരുദാഹരണം ആണ്.

പ്രവചനം: അവസാനം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ മുന്നണികൾ തമ്മിലുള്ള ബലാബലത്തിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ല. സംവരണ മണ്ഡലമായ കോങ്ങാട് യുഡിഎഫിന് സ്ഥാനാർഥി നിർണയവും അത്ര എളുപ്പമല്ല.

LDF: 65000
UDF: 43000
NDA: 30000

6. മണ്ണാർക്കാട്
2008 ലെ മണ്ഡലപുനര്നിര്ണയത്തിനു ശേഷം തുടർച്ചയായി ലീഗിലെ എൻ ഷംസുദ്ധീൻ വിജയിച്ചു വരുന്ന മണ്ഡലം ആണ് മണ്ണാർക്കാട്. മണ്ണാർക്കാട് മുനിസിപ്പാലിറ്റി, അഗളി , അലനല്ലൂർ, കോട്ടോപ്പാടം, കുമരംപുത്തൂർ, തെങ്കര, പുദൂർ, ഷോളയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ് മണ്ണാർക്കാട് മണ്ഡലം.

പ്രവചനം: ലീഗിൽ നിന്നും ഷംസുദ്ധീൻ തന്നെ മത്സരിക്കുന്ന മണ്ഡലത്തിൽ, രാഷ്ട്രീയ , സാമുദായിക ബലാബലത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് തന്നെയാണ് മുൻ‌തൂക്കം.
UDF: 77000
LDF: 63000
NDA: 17000

-------------------------------------------

തുടരും, ജില്ലയിലെ ബാക്കി മണ്ഡലങ്ങൾ അടുത്ത പോസ്റ്റിൽ






Comments