കേരള വോട്ടവലോകനം , 15 - തൃശൂർ ജില്ല (Part 2)

കഴിഞ്ഞ പോസ്റ്റിൽ തൃശൂർ ജില്ലയിലെ തൃശൂർ വരെയുള്ള മണ്ഡലങ്ങൾ അവലോകനം നടത്തിയിരുന്നു. തൃശൂർ ജില്ലയിലെ അവശേഷിക്കുന്ന മണ്ഡലങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.

-------------------------------

8. നാട്ടിക

--------------
നാട്ടിക, വലപ്പാട്, തളിക്കുളം, അന്തിക്കാട്, അവിണിശ്ശേരി, ചാഴൂർ, ചേർപ്പ്, പാറളം, തന്നിയം എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് നാട്ടിക നിയമസഭാ മണ്ഡലം. ഇടതു പക്ഷത്തിനു രാഷ്ട്രീയമായി മുൻകൈ ഉള്ള മറ്റൊരു മണ്ഡലം ആണ് നാട്ടിക. ഇവിടെയും ബിജെപി ശക്തമായ വളർച്ച കൈ വരിച്ചിട്ടുണ്ട്. എന്നാൽ ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ ബിജെപി വളർച്ച കോൺഗ്രസിനെ കാര്യമായി ബാധിച്ചപ്പോൾ , നാട്ടികയിൽ പക്ഷെ രണ്ടു മുന്നണികൾക്കും കാര്യമായ വോട്ടു ചോർച്ച ബിജെപിയിലേക്ക് ഉണ്ടായിട്ടുണ്ട്.


കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയ്ക്ക് ഏറ്റവുമധികം വോട്ടുകൾ നൽകിയ നിയമസഭാ മണ്ഡലം ആണ് നാട്ടിക. എന്നാൽ നിയമസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ ഇടതു പക്ഷം അവരുടെ മുൻകൈ നിലനിർത്തുകയും ചെയ്യുന്നുണ്ട്.

നിലവിലെ സിപിഐ യുടെ നിയമസഭാംഗം ആയ സി സി മുകുന്ദൻ, ബിജെപിയിൽ ചേരുകയും സ്ഥാനാർഥി ആയി മത്സരിക്കുകയും ചെയ്യുന്നു. കോൺഗ്രസിൽ നിന്നും കഴിഞ്ഞ തവണ മത്സരിച്ച സുനിൽ ലാലൂർ തന്നെ വീണ്ടും കോൺഗ്രെസ്സിനായി മത്സരത്തിനിറങ്ങുന്നു. അദ്ദേഹം 2021 ലെ തോൽവിക്ക് ശേഷം മണ്ഡലത്തിൽ കാര്യമായ പ്രവർത്തനം നടത്തിയിരുന്നു. 2011 ലും 2016 ലും സിപിഐ യുടെ നാട്ടികയിൽ നിന്നുമുള്ള MLA ആയിരുന്ന ഗീതാ ഗോപി വീണ്ടും ഇടതു പക്ഷത്തിനായി മത്സരത്തിന് ഇറങ്ങുകയാണ്.അത് കൊണ്ട് തന്നെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം നടക്കാനുള്ള സാധ്യത കാണുന്നു.

പ്രവചനം: ഇടതു പക്ഷത്തെ വിള്ളൽ , പൊതു ഭരണ വിരുദ്ധ വികാരം, സ്ഥാനാർഥിക്കു എതിരെ മുൻ കാലത്തുണ്ടായ ആരോപണം ഒക്കെ ഇടതു പക്ഷത്തിന്റെ വോട്ടുകൾ നേരിയ തോതിൽ കുറച്ചേക്കാം. ബിജെപി യെ സംബന്ധിച്ചിടത്തോളം, ലോകസഭയിലും തദ്ദേശത്തിലും ഉണ്ടാക്കുന്ന മുന്നേറ്റം നിയമസഭയിൽ അതേ തോതിൽ നിലനിർത്താൻ സാധിക്കാറില്ല. ഇതിനു മുന്നണി രാഷ്ട്രീയത്തിലെ സവിശേഷതയും, വിജയ പ്രതീക്ഷ ഉണർത്തുന്ന സ്ഥാനാർത്ഥിയുടെ അഭാവവും ഒരു കാരണമാണ്. നിലവിലെ ഒരു സാമാജികൻ മത്സരിക്കുമ്പോൾ ബിജെപിക്ക് ഇതിനെ ഒരു പരിധി വരെ മറികടക്കാനും സാധ്യത ഉണ്ട്. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് കിട്ടുന്ന ഭരണവിരുദ്ധ വോട്ടുകളുടെ ആനുകൂല്യവും ലഭിക്കാം. അത് കൊണ്ട് തന്നെ വളരെ ശക്തമായ പോരാട്ടം ആണ് നാട്ടികയിൽ.

LDF: 57000

UDF: 52000

NDA: 48000

--------------------------------------------------------------------------

9. കൈപ്പമംഗലം

--------------------------

മണ്ഡല പുനർ നിർണയത്തിന് ശേഷം , ഇടതു പക്ഷം മാത്രം വിജയിച്ചിട്ടുള്ള മണ്ഡലം ആണ് കൈപ്പമംഗലം. ഇടതുപക്ഷത്തിന് രാഷ്ട്രീയമായി വളരെയധികം മുൻ‌തൂക്കം ഇവിടെ ഉണ്ട്.
എടവിലങ്ങു, ഇടതിരുത്തി, ഏറിയാട്, കൈപ്പമംഗലം, മതിലകം, പെരിഞ്ഞനം, ശ്രീനാരായണപുരം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കൈപ്പമംഗലം നിയോജക മണ്ഡലം.


പ്രവചനം:  

LDF: 68000

UDF: 49000

NDA: 22000

--------------------------------------------------------------------------

10. ഇരിഞ്ഞാലക്കുട

--------------------------

ബിജെപിയുടെ വളർച്ച മൂലം തളർന്നു പോയ ഐക്യ ജനാധിപത്യ മുന്നണിക്കു, കൈ വിട്ടു പോയ മണ്ഡലം ആണ് ഇരിഞ്ഞാലക്കുട. രാഷ്ട്രീയമായി ഇടതു പക്ഷത്തിനു മികച്ച അടിത്തറ ഉണ്ടെങ്കിലും സാമുദായികമായി ഐക്യ ജനാധിപത്യ മുന്നണിക്ക് മുൻ‌തൂക്കം ഉണ്ടായിരുന്ന മണ്ഡലത്തിൽ , ബിജെപി കോൺഗ്രസിന്റെ വോട്ടുബാങ്കുകളിൽ വിള്ളലുകൾ ഉണ്ടാക്കിയപ്പോൾ , സ്വാഭാവികമായി ഇടതു മുന്നണി കഴിഞ്ഞ രണ്ടു തവണകൾ ആയി വിജയിച്ചു പോരുന്നു.

ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി, കരളം, കാട്ടൂർ, മുരിയാട്, പടിയൂർ, പൂമംഗലം, വെള്ളൂക്കര, ആളൂർ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് ഇരിഞ്ഞാലക്കുട മണ്ഡലം.


പ്രവചനം: 2021 ലെ പോലെ ഇടതു പക്ഷത്തിനായി ആർ ബിന്ദു വും, ഐക്യ ജനാധിപത്യ മുന്നണിക്കായി തോമസ് ഉണ്ണിയാടനും മത്സരിക്കുന്നു. ബിജെപിക്കായി സന്തോഷ് ചേർക്കളവും മത്സരിക്കുന്നു. മന്ത്രി സഭയുടെ ഭാഗമായ ആർ ബിന്ദുവിനെതിരെ ഭരണ വിരുദ്ധ വികാരം ഉണ്ടാകാനിടയുണ്ട്. തുടർച്ചയായി നിയമസഭാംഗം ആയിരുന്ന ഉണ്ണിയാടൻ വീണ്ടും മത്സരിക്കുമ്പോൾ, ഒരു മുൻതൂക്കവും ലഭിക്കാനുള്ള സാദ്ധ്യത കാണുന്നു.

UDF: 59000

LDF: 57000

NDA: 34000

--------------------------------------------------------------------------

11. പുതുക്കാട്

--------------------------

അളഗപ്പനഗർ, നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, തൃക്കൂർ, മറ്റത്തൂർ, വരന്തരപ്പിള്ളി, വല്ലച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകൾ അടങ്ങിയത് ആണ് പുതുക്കാട് മണ്ഡലം. ഇടതു പക്ഷത്തിനു വലിയ മുൻ‌തൂക്കം ഉള്ള മണ്ഡലം കൂടെയാണ് പുതുക്കാട്.


പ്രവചനം: അട്ടിമറികൾ ഒന്നും സംഭവിക്കാൻ സാധ്യതയില്ലാത്ത മണ്ഡലത്തിൽ, ഇടതു പക്ഷത്തിന്റെ ഭൂരിപക്ഷം കുറഞ്ഞേക്കാമെങ്കിലും, വിജയ സാധ്യത മുന്നിട്ടു നിൽക്കുന്നു.

LDF: 66000

UDF: 53000

NDA: 38000

--------------------------------------------------------------------------

12. ചാലക്കുടി

--------------------------

തുടർച്ചയായി മൂന്ന് തവണ മണ്ഡലത്തിൽ വിജയിച്ച ബി ഡി ദേവസ്സി മാറി, കേരള കോൺഗ്രസ് മാണിയുടെ മുന്നണി പ്രവേശത്തോടെ സിപിഎം , മാണി കോൺഗ്രെസ്സിനായി മണ്ഡലം വിട്ടു നൽകുകയും, അത് വഴി കോൺഗ്രസിന് 2021 ഇൽ ജില്ലയിൽ ആകെ വിജയിക്കാനായതുമായ മണ്ഡലം ആണ് ചാലക്കുടി.

ചാലക്കുടി മുനിസിപ്പാലിറ്റി, അതിരപ്പിള്ളി, കടുകുറ്റി, കൊടകര, കോടശ്ശേരി, കൊരട്ടി, മേലൂർ, പരിയരം ഗ്രാമപഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് ചാലക്കുടി നിയമസഭാ മണ്ഡലം. രാഷ്ട്രീയമായി ഇരു മുന്നണികൾക്കും ഏകദേശം തുല്യ ശക്തി ഉള്ള മണ്ഡലത്തിൽ ബിജെപി ക്കു ജില്ലയിലെ മറ്റു മണ്ഡലങ്ങൾ പോലെ ശക്തമായ സാന്നിധ്യം ഇല്ല. 


പ്രവചനം: പ്രവചനം: നിലവിലെ MLA സനീഷ് കുമാർ ജോസഫ് കോൺഗ്രെസ്സിനായും, മാണി കോൺഗ്രസിൽ നിന്ന് ബിജു ചിറയത്തും മത്സരിക്കുമ്പോൾ, ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്നും , ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി ചാർലി പോളും മത്സരിക്കുന്നു. കടുത്ത മത്സരം നടക്കുമെങ്കിലും മണ്ഡലം കോൺഗ്രസ് തന്നെ നിലനിർത്താനാണ് കൂടുതൽ സാധ്യത.

UDF: 61000

LDF: 56000

NDA: 24000

--------------------------------------------------------------------------

13. കൊടുങ്ങല്ലൂർ

-------------------------

ഇടതു പക്ഷത്തിനു വളരെ ശക്തമായ സ്വാധീനം ഉള്ള കൊടുങ്ങല്ലൂർ മണ്ഡലത്തിൽ മണ്ഡല പുനര്നിര്ണയത്തിനു ശേഷം 2011 ഇൽ കോൺഗ്രെസ്സിനായി ടി എൻ പ്രതാപൻ വിജയിച്ചിരുന്നു. എന്നാൽ ബിജെപി യുടെ ശക്തമായ വളർച്ചയിൽ കോൺഗ്രസിന് കാലിടറിയ മറ്റൊരു മണ്ഡലം ആണ് കൊടുങ്ങല്ലൂർ.

കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി, പൊയ്യ, അന്നമനട, കുഴുർ, മാള, പുത്തൻചിറ, വെള്ളാങ്ങല്ലുർ എന്നീ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലം.


പ്രവചനം : ഇടതു പക്ഷത്തിനായി നിലവിലെ MLA വി ആർ സുനിൽകുമാർ വീണ്ടും ജനവിധി തേടുമ്പോൾ , കോൺഗ്രെസ്സിനായി യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഓ ജെ ജെനീഷ് മത്സരിക്കുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്നും ട്വന്റി ട്വന്റി ആണ് മണ്ഡലത്തിൽ മത്സരിക്കുന്നത്. ബിജെപിക്ക് ശക്തമായ സംഘടനാ സംവിധാനവും സ്വാധീനവും ഉള്ള മണ്ഡലത്തിൽ സഖ്യകക്ഷി സ്ഥാനാർഥിക്കു അതെ പോലൊരു പ്രകടനം സാധ്യമാണോ എന്നുള്ള സംശയം ഉണ്ട്. ബിഡിജെഎസ് മത്സരിക്കുമ്പോഴും സമാനമായ സ്ഥിതി നിലനിന്നിരുന്നു.

LDF: 63000

UDF: 53000

NDA: 31000

-----------------------------------------------

പൊതുചിത്രം: ജില്ലയിലെ പതിമൂന്നു മണ്ഡലങ്ങളിൽ 2021 ഇൽ ആകെ ഒരു മണ്ഡലത്തിൽ ആണ് ഐക്യ ജനാധിപത്യ മുന്നണിക്ക് ജയിക്കാനായത്. ചാലക്കുടി മണ്ഡലം കോൺഗ്രസ് വിജയിച്ചത് വെറും ആയിരത്തോളം വോട്ടുകൾക്ക് ആണ്. തൃശൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണ ആയിരത്തിൽ താഴെ ഭൂരിപക്ഷത്തിനു ആണ് ഇടതു പക്ഷം വിജയിച്ചത്. ഇത്തവണ അവിടെ കോൺഗ്രസിനാണ് സാധ്യത. ഇടതു പക്ഷം മൂന്നാമത് പോകാനുള്ള സാധ്യതയും ഉണ്ട്.

ഗുരുവായൂർ , വടക്കാഞ്ചേരി, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിഞ്ഞാലക്കുട, ചാലക്കുടി മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം നടക്കാം. അതിൽ തന്നെ മണലൂർ, തൃശൂർ, ഇരിഞ്ഞാലക്കുട മണ്ഡലങ്ങളിൽ പ്രവചനാതീതമായ മത്സരം പ്രതീക്ഷിക്കുന്നു.

ജില്ലയിലെ പതിമൂന്ന് മണ്ഡലങ്ങളിൽ പത്തു മണ്ഡലങ്ങളിലും ഇടതു പക്ഷത്തിനു തന്നെയാണ് മുൻ‌തൂക്കം. മൂന്നു മണ്ഡലങ്ങളിൽ മുൻ‌തൂക്കം ഉള്ള ഐക്യ ജനാധിപത്യ മുന്നണിക്ക്, സംസ്ഥനതലത്തിൽ ഒരു തരംഗമോ ഭരണവിരുദ്ധ വികാരമോ ആഞ്ഞടിച്ചാൽ മൂന്നോ നാലോ മണ്ഡലങ്ങൾ കൂടെ പിടിച്ചെടുക്കാനായേക്കും.

ചേലക്കര, കുന്നംകുളം, കൈപ്പമംഗലം, പുതുക്കാട് , കൊടുങ്ങല്ലൂർ മണ്ഡലങ്ങൾ ഭരണവിരുദ്ധ വികാരവും മറികടന്നു ഇടതിനോടൊപ്പം തന്നെ നിലയുറപ്പിക്കാൻ ആണ് സാധ്യത അധികവും.

LDF: 10 (-2)

UDF: 3 (+2)

NDA: 0

Comments