കേരള വോട്ടവലോകനം , 2 - കാസറഗോഡ് ജില്ല

കാസറഗോഡ് ജില്ലയിൽ ആകെ അഞ്ചു നിയമസഭാ മണ്ഡലങ്ങൾ ആണുള്ളത്. അതിൽ മഞ്ചേശ്വരം  മണ്ഡലത്തിന്റെ വിശദമായ രാഷ്ട്രീയ ചിത്രം നമ്മൾ നേരത്തെ പരിശോധിച്ചിരുന്നു (മഞ്ചേശ്വരം) . ജില്ലയിലെ ബാക്കി ഉള്ള നാലു മണ്ഡലങ്ങളിലെ തൽസ്ഥിതി ഇനി പരിശോധിച്ചു നോക്കാം.

മഞ്ചേശ്വരം, കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവയാണ് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ.

കാസർഗോഡ്

മുസ്ലിം ലീഗ് എഴുപതുകൾ മുതൽ തുടർച്ചയായി വിജയിക്കുന്ന മണ്ഡലം ആണ് കാസറഗോഡ്. മഞ്ചേശ്വരത്തിൽ നിന്നും വിഭിന്നമായി പക്ഷെ കാസറഗോഡ് മണ്ഡലത്തിൽ രണ്ടാമതുള്ള ബിജെപി യുമായുള്ള  മത്സരം ഒരിക്കലും നേരീയ വ്യത്യാസം അല്ല, വ്യക്തമായ ഭൂരിപക്ഷം ഇവിടെ ലീഗിന് ഉറപ്പിക്കാൻ സാധിക്കുന്നു.

മൊഗ്രാൽപുത്തൂർ, മധുർ, ബദിയടുക്ക, കുമ്പഡാജെ , ബെള്ളൂർ, ചെങ്കള , കാറഡുക്ക എന്നീ പഞ്ചായത്തുകളും കാസറഗോഡ് മുനിസിപ്പാലിറ്റിയും ചേർന്നതാണ് കാസറഗോഡ് നിയമസഭാ മണ്ഡലം. ഇതിൽ ചെങ്കള പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന അതി ഭീകര ഭൂരിപക്ഷമാണ് ലീഗിന് തുണയാവുന്നതു. കൂടാതെ കാസറഗോഡ് മുനിസിപ്പാലിറ്റിയിലും ലീഗിന് വ്യകത്മായ ഭൂരിപക്ഷമാണ് ലഭിക്കുന്നത്. ഇടതു പക്ഷത്തിനു ചെങ്കള പഞ്ചായത്ത് ഒഴികെ ബാക്കി ഇടങ്ങളിൽ കാര്യമായ വോട്ടു ലഭിക്കാറില്ല.


Kasaragod assembly level results over years 2011 - 2025

ചെങ്കള പഞ്ചായത്ത് ഒഴികെ ബാക്കി എല്ലാ മേഖലകളിലും ബിജെപി ശക്തമായ മത്സരം കാഴ്ച വെക്കുന്നുണ്ട്. എന്നാൽ ചെങ്കള പഞ്ചായത്തിൽ നിന്ന് ലീഗിന് ലഭിക്കുന്ന മൃഗീയ ഭൂരിപക്ഷം മറി കടക്കാൻ അതൊന്നും പ്രാപ്തമല്ല.




പ്രവചനം : ഭരണ വിരുദ്ധ വികാരം ഇടതു പക്ഷത്തു നിന്ന് കുറച്ചധികം വോട്ടുകൾ ബിജെപിയിലേക്കും ജനസംഖ്യാനുപാധികമായ വർധന മൂലം ലീഗിനും വോട്ടുകൾ കൂടാൻ വഴി വെച്ചേക്കാം. 

UDF - 67100

NDA - 56600

LDF - 22300


ഉദുമ

കാസർഗോഡ് ജില്ലയിലെ ശക്തമായ മത്സരം നടക്കുന്ന ഒരു മണ്ഡലം ആണ് ഉദുമ. 

ബേദഡ്ക, ചെമനാട്, ദേലംപാടി , കുട്ടിക്കോലെ, മുളിയാർ, പള്ളിക്കര, പുല്ലൂർ - പെരിയ , ഉദ്‌മ ഗ്രാമ പഞ്ചായത്തുകൾ ചേർന്നതാണ് ഉദുമ നിയോജക മണ്ഡലം.

മഞ്ചേശ്വരത്തിനും കാസറഗോഡിൽ നിന്നും വ്യത്യസ്തമായി ഇവിടെ ഐക്യ ജനാധിപത്യ മുന്നണിയും ഇടതു ജനാധിപത്യ മുന്നണിയും തമ്മിൽ ആണ് പ്രധാന മത്സരം.ബിജെപി ക്കു നിർണായകമായ ശക്തി കേന്ദ്രങ്ങൾ ഉണ്ടെങ്കിലും വിദൂരമായ മൂന്നാം സ്ഥാനം ആണ് നിലവിൽ ബിജെപി ക്കുള്ളത്.


ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ യുഡിഫ് മുൻപിൽ എത്താറുണ്ടെങ്കിലും നിയമസഭയിലും തദ്ദേശത്തിലും ഇടതു മുന്നണിക്ക് വ്യക്തമായ മുൻ‌തൂക്കം നൽകുന്ന രാഷ്ട്രീയ സ്വഭാവം പ്രകടിപ്പിക്കുന്ന മണ്ഡലം ആണ് ഉദുമ.

ചെംനാട് പഞ്ചായത്തിൽ നിന്ന് യുഡിഫ് നു ശക്തമായ ഭൂരിപക്ഷം ലഭിക്കുമെങ്കിലും മറ്റു പഞ്ചായത്തുകളിൽ, മൂളിയാർ, ഉദുമ എന്നിവിടങ്ങളിൽ നിന്ന് ചെറിയ ഭൂരിപക്ഷം മാത്രമേ കിട്ടാൻ സാധ്യത ഉള്ളു. ബേഡഡുക്ക പഞ്ചായത്ത് ഇടതു ശക്തി കേന്ദ്രം ആണ്. മറ്റു പഞ്ചായത്തുകളിൽ നിന്നും ഇടതു പക്ഷത്തിനും നേരിയ ഭൂരിപക്ഷം മാത്രമേ ലഭിക്കു എങ്കിലും ബേഡഡുക്ക യിലെ ഭൂരിപക്ഷം ചെംനാട് നിന്ന് യുഡിഫിനു ലഭിക്കുന്ന ഭൂരിപക്ഷം മറി കടക്കാൻ പ്രാപ്തമാണ്.

പ്രവചനം : യുഡിഫ് നെ സംബന്ധിച്ചോളം 2016 ഇൽ കെ സുധാകരനെ പോലെ ശക്തനായ സ്ഥാനാർഥി വന്നാൽ നേരിയ ഭൂരിപക്ഷത്തിനു ജയിക്കാൻ സാധ്യത ഉണ്ട്, പ്രതേകിച്ചു ഒരു ഭരണ വിരുദ്ധ വികാരം പൊതുവെ നില നിൽക്കുമ്പോൾ. 

LDF - 72900
UDF - 70400
NDA - 23400



കാഞ്ഞങ്ങാട്

കാസറഗോഡ് ജില്ലയിലെ ഒരു ഇടതു കോട്ട മണ്ഡലം ആണ് കാഞ്ഞങ്ങാട്. 
അജാനൂർ, മടികൈ, കോടോം ബേളൂർ , കല്ലാർ, പനത്തടി, ബളാൽ, കിനാനൂർ കരിന്തളം എന്നീ പഞ്ചായത്തുകളും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി യും ചേർന്നത് ആണ് കാഞ്ഞങ്ങാട് മണ്ഡലം.

2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ രണ്ടായിരത്തോളം വോട്ടുകൾക്ക് യുഡിഫ് മുന്നിലെത്തിയത് ഒഴിച്ചാൽ സമീപ കാലത്തേ മറ്റു തദ്ദേശ , നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എല്ലാം ഇടതു മുന്നണിക്ക് വലിയ ഭൂരിപക്ഷം നൽകുന്ന മണ്ഡലമാണ് കാഞ്ഞങ്ങാട്.


പ്രവചനം: പ്രത്യേകിച്ച് അത്ഭുതങ്ങൾ ഒന്നും പ്രതീക്ഷിക്കേണ്ടാത്ത മണ്ഡലത്തിൽ പൊതുവെ ഉള്ള ഭരണവിരുദ്ധ വികാരം മൂലം ഭൂരിപക്ഷത്തിൽ ചെറിയ ഇടിവ് ഉണ്ടായേക്കാം എന്ന് മാത്രം.

LDF - 79000

UDF - 62000

NDA - 24000


തൃക്കരിപ്പൂർ

കാസറഗോഡ് ജില്ലയിലെ മറ്റൊരു  ഇടതു ശക്തിദുർഗം ആണ് തൃക്കരിപ്പൂർ നിയോജക മണ്ഡലം. 

കയ്യൂർ ചീമേനി, വെസ്റ്റ് എളേരി , ഈസ്റ്റ് എളേരി,  ചെറുവത്തൂർ, പിലിക്കോട്, പദനെ, വലിയപറമ്പ് , തൃക്കരിപ്പൂർ എന്നീ പഞ്ചായത്തുകളും നീലേശ്വരം  മുനിസിപ്പാലിറ്റി യും ചേർന്നത് ആണ് തൃക്കരിപ്പൂർ മണ്ഡലം.

2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പതിനായിരത്തിനു മുകളിൽ വോട്ടുകൾക്ക് യുഡിഫ് മുന്നിലെത്തിയതും , 2025 ഇലെ തദ്ദേശത്തിൽ ഇടതിന്റെ തൊട്ടു പുറകിൽ എത്തിയതും യുഡിഫ് നു ചെറിയ പ്രതീക്ഷകൾ നൽകുന്നു. ബിജെപി യ്ക്ക് തീരെ വോട്ടു കുറഞ്ഞ ഒരു മണ്ഡലം ആണ് തൃക്കരിപ്പൂർ.



പ്രവചനം: അടുത്തിടെ ഉണ്ടായ തിരഞ്ഞെടുപ്പുകളിലെ വോട്ടു ചോർച്ച ഇടതു പക്ഷം , അതിന്റെ പാർട്ടി സംവിധാനം വെച്ച് തിരിച്ചു പിടിക്കാനുള്ള സാദ്ധ്യതകൾ ഉണ്ട്. പൊതുവെ ഉള്ള ഭരണവിരുദ്ധ വികാരം, മണ്ഡലത്തിലെ സമീപ കാല രാഷ്ട്രീയ കാലാവസ്ഥയിലെ മാറ്റങ്ങൾ പരിഗണിച്ചാൽ, ഇടതു മുന്നണിയുടെ ഭൂരിപക്ഷത്തിൽ കനത്ത ഇടിവ് ഉണ്ടായേക്കാം എന്ന് കരുതാം. എങ്കിലും യുഡിഫ് നു ജയം കഠിനമായിരിക്കും.


LDF - 77000

UDF - 69000

NDA - 12500


ജില്ല മൊത്തത്തിൽ:

UDF - 2

LDF - 3

കാസർഗോഡ് ജില്ലയിൽ 2016, 2021 ലെ തൽസ്ഥിതി തുടരാൻ ആണ് സാധ്യത ഏറെ. ഒരു പരിധി വരെ പ്രവചനാതീതമായ മത്സരം നടക്കുന്നത് മഞ്ചേശ്വരം ആണ്, പിന്നെ യുഡിഫ് സ്ഥാനാർഥി ആരെന്നു ആശ്രയിച്ചു ഉദുമ മണ്ഡലത്തിലും ശക്തമായ മത്സരം നടന്നേക്കാം.

വാൽക്കഷ്ണം: SIR പ്രക്രിയ മൂലം ഇരട്ട വോട്ടുകളും മരണപ്പെട്ട വോട്ടുകളും ഒരു പരിധി വരെ നീക്കം ചെയ്യപ്പെട്ടു വോട്ടർ പട്ടിക ശുദ്ധീകരിക്കപ്പെട്ടെക്കാം. ഇത് പാർട്ടി ഗ്രാമങ്ങളിലെ മൃഗീയമായ ഭൂരിപക്ഷങ്ങൾ കുറയാൻ സാധ്യത ഉണ്ട്. ഇത് മൊത്തത്തിൽ മണ്ഡലങ്ങളിലെ കള്ളവോട്ടുകൾ കുറയാനും , തദ്വാരാ ഭൂരിപക്ഷവും കുറയാനും മത്സരങ്ങൾ കൂടുതൽ കടുപ്പമാകാനും വഴി വെക്കും എന്ന് പ്രതീക്ഷിക്കാം. സിപിഎം , ലീഗ് , ബിജെപി എന്നിവർക്ക് ഏറിയും കുറഞ്ഞും പാർട്ടി ഗ്രാമങ്ങൾ ഉള്ള ഒരു ജില്ലയാണ്  കാസറഗോഡ്.

Comments