കേരള വോട്ടവലോകനം , 24 - തിരുവനന്തപുരം ജില്ല
പതിന്നാലു മണ്ഡലങ്ങളുള്ള തിരുവനന്തപുരം, സംസ്ഥാന ഭരണക്രമം നിശ്ചയിക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തുന്ന ജില്ലയാണ്. കേരളത്തിലെ മറ്റു ജില്ലകളിൽ നിന്ന് വ്യത്യസ്തമായി മിക്ക മണ്ഡലങ്ങളിലും മികച്ച ത്രികോണ മത്സരം നടക്കുന്ന ജില്ല കൂടി ആണ് തിരുവനന്തപുരം.
1. വർക്കല
2. ആറ്റിങ്ങൽ
3. ചിറയിൻകീഴ്
4. നെടുമങ്ങാട്
5. വാമനപുരം
6. കഴക്കൂട്ടം
7. വട്ടിയൂർക്കാവ്
8. തിരുവനന്തപുരം
9. നേമം
10. അരുവിക്കര
11. പാറശ്ശാല
12. കാട്ടാക്കട
13. കോവളം
14. നെയ്യാറ്റിൻകര
എന്നീ മണ്ഡലങ്ങൾ ആണ് ജില്ലയിലുള്ളത്. 2021 ലെ തിരഞ്ഞെടുപ്പിൽ ഈ പതിന്നാലിൽ കോവളം ഒഴികെ മറ്റു മണ്ഡലങ്ങൾ എല്ലാം തന്നെ വിജയിച്ചത് ഇടതു പക്ഷം ആണ്. 2016 ൽ കേരളത്തിൽ ആദ്യമായി ബിജെപി വിജയിച്ച നേമം മണ്ഡലവും 2021 ൽ ഇടതു പക്ഷത്തിനു വിജയിക്കാനായിരുന്നു.
ഇനി നമുക്ക് വിശദമായി മണ്ഡലങ്ങളിലേക്കു കടക്കാം.
------------------------------------------------------------
1. വർക്കല
---------------------
ഇടതു മുന്നണിക്ക് രാഷ്ട്രീയമായി മുൻതൂക്കം ഉള്ള മണ്ഡലം ആണ് വർക്കല. എന്നാൽ വർക്കല കഹാർ എന്ന നേതാവിലൂടെ 2001 മുതൽ തുടർച്ചായി കോൺഗ്രസിനും മണ്ഡലത്തിൽ ജയിക്കാനായിരുന്നു. 2016 ൽ ബിജെപി-ബിഡിജെഎസ്സ് പരീക്ഷണത്തിൽ വൻ തോതിൽ വോട്ടുകൾ വർദ്ധിപ്പിച്ചപ്പോൾ , കോൺഗ്രസിന് കാലിടറിയ മണ്ഡലം കൂടെയാണ് വർക്കല. അന്ന് വിജയിച്ച വി ജോയ് മണ്ഡലം 2021 ലും നിലനിർത്തുകയും, ഇത്തവണ വീണ്ടും മത്സരത്തിനിറങ്ങുകകയും ചെയ്യുന്നു. വർക്കല മുനിസിപ്പാലിറ്റി, ചെമ്മരുതി, ഇടവ, ഇലകമൺ, മടവൂർ, നാവായിക്കുളം, പള്ളിക്കൽ, വെട്ടൂർ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് വർക്കല നിയമസഭാ നിയോജക മണ്ഡലം.
കോൺഗ്രസിൽ നിന്നും, 2001 മുതൽ മൂന്നു തവണ തുടർച്ചയായി വിജയിച്ച വർക്കല കഹാറിനെ വീണ്ടും മത്സരിപ്പിച്ചു പരീക്ഷണത്തിന് തയാറായിരിക്കുക ആണ്. ആദ്യം ബിഡിജെഎസ് നു മത്സരിക്കാൻ നൽകിയ സീറ്റിൽ ബിജെപിയിൽ നിന്നും പ്രാദേശികമായി ഉയർന്ന എതിർപ്പുകളെ തുടർന്ന്, നിലവിൽ സിപിഎമ്മിന്റെ ബ്ലോക്ക് പഞ്ചായത്ത് അംഗം ആയ സ്മിത സുന്ദരേശൻ ബിജെപി സ്ഥാനാർഥി ആയി മത്സരിക്കുന്നു.
പ്രവചനം: ബിജെപി യുടെ ശക്തമായ സാന്നിധ്യം രണ്ടു മുന്നണികൾക്കും പ്രതികൂലമായി ബാധിച്ചേക്കാം. ഭരണ വിരുദ്ധ വികാരം, ഐക്യ ജനാധിപത്യ മുന്നണിയ്ക്കു അനുകൂലമാണെങ്കിലും, സ്ഥാനാർത്ഥിയുടെ മികവിൽ ഇടതു പക്ഷത്തിനു വിജയം ഉണ്ടാകാൻ ആണ് സാധ്യത കൂടുതൽ.
LDF: 58000
UDF: 52000
NDA: 23000
------------------------------------------------------------
2. ആറ്റിങ്ങൽ
------------------------
2011 ലെ മണ്ഡല പുനർനിർണ്ണയത്തിനു ശേഷം ഇടതു സ്വഭാവം വർധിച്ച മണ്ഡലം ആണ് ആറ്റിങ്ങൽ. ആറ്റിങ്ങൽ മുനിസിപ്പാലിറ്റി, കരവാരം, കിളിമാനൂർ, നഗരൂർ, പഴയകുന്നുമ്മേൽ, പുളിമാത്ത്, വക്കം, ചെറുന്നിയൂർ, മണമ്പൂർ, ഒറ്റൂർ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് ആറ്റിങ്ങൽ നിയമസഭാ നിയോജക മണ്ഡലം. മണ്ഡല പുനർനിർണയത്തോടെ സംവരണ മണ്ഡലം ആകുകയും, കൂടാതെ സഖ്യ കക്ഷി ആയ ആർ എസ് പി യ്ക്ക് സീറ്റ് വിട്ടു നൽകുകയും ചെയ്തതോടെ യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട മണ്ഡലം ആണ് ആറ്റിങ്ങൽ.
പ്രവചനം: നിലവിലെ നിയമസഭാംഗം ഓ എസ് അംബിക ഇടതു മുന്നണിക്കായി മത്സരത്തിനിറങ്ങുമ്പോൾ, കഴിഞ്ഞ തവണ രണ്ടാമതെത്തിയ ബിജെപിയുടെ പി സുധീർ വീണ്ടും മണ്ഡലം പിടിക്കാനായിറങ്ങുന്നു. ആർ എസ് പി യുടെ സന്തോഷ് ഭദ്രൻ ആണ് യുഡിഎഫ് സ്ഥാനാർഥി.
LDF: 63000
NDA: 45000
UDF: 37000
------------------------------------------------------------
3. ചിറയിൻകീഴ്
------------------------
അഞ്ചുതെങ്ങു, ആഴൂര്, ചിറയിൻകീഴ്, കടയ്ക്കാവൂർ, കിഴുവിലം, മുടക്കൽ, കഠിനംകുളം, മംഗലപുരം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് ചിറയിൻകീഴ് നിയമസഭാ നിയോജക മണ്ഡലം.
2008 ലെ മണ്ഡല പുനർനിർണയത്തിൽ പുതുതായി രൂപീകരിക്കപ്പെട്ട മണ്ഡലത്തിൽ ഇടതു പക്ഷം മാത്രമാണ് വിജയിച്ചിട്ടുള്ളത്.
ഇടതു മുന്നണിക്കായി മനോജ് ഇടമന മത്സരിക്കുമ്പോൾ, കോൺഗ്രസ് അവരുടെ മുൻ ആലത്തൂർ ലോക്സഭാംഗം രമ്യ ഹരിദാസിനെ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ഇറക്കുന്നു. പാലക്കാട് നിന്ന് രമ്യയെ കൊണ്ട് മത്സരിച്ചപ്പിച്ചതിൽ പ്രാദേശികമായി എതിർപ്പുകൾ ഉയരുകയും, 2021 ലെ കോൺഗ്രസ് സ്ഥാനാർഥി ആയിരുന്ന ബി എസ് അനൂപ്, കോൺഗ്രസിൽ നിന്ന് രാജി വെച്ച് ഇത്തവണ ബിജെപി സ്ഥാനാർഥി ആയി മത്സരിക്കുന്നു. ഇടതു കോട്ടയായി കണക്കാക്കുന്ന മണ്ഡലത്തിൽ, ഇപ്പോൾ തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആയ ആശാനാഥ് 2021 ഇൽ മത്സരിച്ചപ്പോൾ വലിയ വോട്ടു നേട്ടം നേടാൻ ബിജെപിക്കുമായി.
പ്രവചനം: ഇടതു മുന്നണിയുടെ രാഷ്ട്രീയ അടിത്തറ, അവർക്കു ഒരു മുൻതൂക്കം നൽകുന്നുണ്ട്. രമ്യയുടെ സ്ഥാനാർത്ഥിത്വം, ഉണ്ടാക്കിയ എതിർപ്പുകൾ കോൺഗ്രസിന് ഒരു പരിധി വരെ ഭരണവിരുദ്ധ വികാരം കൊണ്ട് മറികടക്കാൻ ആയേക്കും. എങ്കിലും മണ്ഡലത്തിൽ ഭരണ വിരുദ്ധ വികാരത്തിന്റെ പ്രയോജനം കൂടുതലായും ബിജെപി കൈക്കലാക്കാനാണ് സാധ്യത.
LDF: 57000
UDF: 50000
NDA: 38000
------------------------------------------------------------
4. നെടുമങ്ങാട്
------------------------
നെടുമങ്ങാട് മുനിസിപ്പാലിറ്റി, മാണിക്കൽ, കരകുളം, വെമ്പായം, ആണ്ടൂർക്കോണം, പോത്തൻകോഡ് ഗ്രാമ പഞ്ചായത്തുകളും ചേർന്നത് ആണ് നെടുമങ്ങാട് നിയമസഭ നിയോജക മണ്ഡലം. നെടുമങ്ങാട് മണ്ഡലവും നേരിയ ഇടതു മുൻതൂക്കം ഉള്ള മണ്ഡലമാണ്. ബിജെപിയുടെ വളർച്ച കോൺഗ്രസിനെ തളർത്തിയപ്പോൾ, ഈ നേരിയ മുൻതൂക്കം, ഇടതു മുന്നണിക്ക് മികച്ച മുൻതൂക്കമായി മാറുകയും ചെയ്തു.
പ്രവചനം: സിപിഐ യുടെ ജി ആർ അനിൽ മണ്ഡലം നിലനിർത്താൻ വീണ്ടും മത്സരിക്കാൻ ഇറങ്ങുമ്പോൾ, സിപിഐ നിന്നും വിട്ടു വന്ന മീനാങ്കൽ കുമാർ കോൺഗ്രെസ്സിനായി മത്സരിക്കുന്നു. ബിജെപി യുടെ യുവ മുഖമായ യുവരാജ് ഗോകുൽ, ബിജെപി സ്ഥാനാർത്ഥിയായി ശക്തമായ മത്സരം കാഴ്ച വെക്കുന്നുണ്ട്. ഇടതു മുന്നണിക്ക് മുൻതൂക്കം നിലനിർത്താൻ ഏറെ സാധ്യത ഉള്ള മണ്ഡലമാണ് നെടുമങ്ങാട്. ഭരണ വിരുദ്ധ വികാരം, പ്രയോജനപ്പെടുത്താൻ ബിജെപി യുടെ സ്ഥാനാര്ഥിക്കാണ് കൂടുതൽ സാധ്യത. ഇത് ഇടതു മുന്നണിയുടെ സാധ്യത വീണ്ടും വർധിപ്പിക്കുന്നു.
LDF: 64000
UDF: 52000
NDA: 40000
------------------------------------------------------------
5. വാമനപുരം
------------------------
ഇടതു മുന്നണിക്ക്, ജില്ലയിലെ ഏറ്റവും സുരക്ഷിത മണ്ഡലം എന്ന് കരുതാവുന്ന മണ്ഡലം ആണ് വാമനപുരം. എന്നാൽ ഇത്തവണ ഇടതു മുന്നണി കനത്ത മത്സരം മണ്ഡലത്തിൽ നേരിടുന്നുണ്ട്. ആനാട്, കല്ലറ, നന്ദിയോട് , നെല്ലനാട്, പനവൂർ, പാങ്ങോട്, പെരിങ്ങമ്മല, പുല്ലംപാറ, വാമനപുരം ഗ്രാമ പഞ്ചായത്തുകൾ ചേർന്നത് ആണ് വാമനപുരം മണ്ഡലം.
പ്രവചനം: കോൺഗ്രെസ്സിനായി മുഹമ്മദ് സുധീർ ഷാ മത്സരിക്കുമ്പോൾ, നിലവിലെ നിയമസഭാംഗം, ഡി കെ മുരളി മണ്ഡലം നിലനിർത്താൻ വീണ്ടും ഇറങ്ങുന്നു. എൻഡിഎ യ്ക്കായി ബിഡിജെഎസ്സ് നിന്നും വേണു മത്സരത്തിനിറങ്ങുന്നു.
------------------------------------------------------------
6. കഴക്കൂട്ടം
------------------------
തിരുവനന്തപുരം കോർപ്പറേഷനിലെ 28 ഡിവിഷനുകൾ ഉൾപ്പെട്ടത് ആണ് കഴക്കൂട്ടം മണ്ഡലം. ഇടതു പക്ഷത്തിനു വലിയ മേൽക്കോയ്മ ഉള്ള പ്രദേശങ്ങൾ ഉൾപ്പെട്ടത് ആണ് കഴക്കൂട്ടം മണ്ഡലം. 2011 വരെ മണ്ഡലം കൈയിൽ വെച്ചിരുന്ന കോൺഗ്രസിന്റെ എം എ വാഹീദ്, 2016 ലെ ബിജെപി തള്ളിക്കയറ്റത്തിൽ ഇടതു മുന്നണിയുടെ കടകംപള്ളി സുരേന്ദ്രനോട് അടിയറവു പറയുകയും, മണ്ഡലത്തിൽ ബിജെപിയുടെ പുറകിൽ മൂന്നാമതാകുകയും ചെയ്തു.
കടകംപള്ളി സുരേന്ദ്രൻ മണ്ഡലം നിലനിർത്താൻ വീണ്ടും ഇറങ്ങുമ്പോൾ, ബിജെപിയുടെ വി മുരളീധരൻ മണ്ഡലം പിടിച്ചെടുക്കാൻ മത്സരിക്കുന്നു. ടി ശരത്ചന്ദ്രപ്രസാദ്, കോൺഗ്രെസ്സിനായി മത്സരത്തിനിറങ്ങുന്നു.
പ്രവചനം: തിരുവനന്തപുരം നഗര മേഖലകളിൽ വളർച്ച കാണിക്കുന്ന ബിജെപി, മണ്ഡലത്തിൽ അടുത്ത കാലത്തായി ഇടതു പക്ഷത്തിനു ഒപ്പത്തിനൊപ്പം മത്സരിക്കുന്നുണ്ട്. കോൺഗ്രസ് പടി പടി യായി പുറകോട്ടു പോകുന്ന കാഴ്ച ആണ് മണ്ഡലത്തിൽ. അത് കൊണ്ട് തന്നെ സിപിഎമ്മും ബിജെപിയും നേർക്ക് നേർ മത്സരം ആണ് മണ്ഡലത്തിൽ. ഭരണ വിരുദ്ധ വികാരം ബിജെപിക്ക് നേരിയ മുൻതൂക്കം നൽകുന്നു. മണ്ഡലത്തിലെ ക്രിസ്ത്യൻ, മുസ്ലിം വോട്ടുകൾ കോൺഗ്രസിന് പോകാതെ, ബിജെപി യെ തോൽപ്പിക്കാൻ ആയി വൻതോതിൽ കേന്ദ്രീകരിക്കപ്പെട്ടാൽ, ഇടതു പക്ഷത്തിനും നേരിയ വിജയ സാധ്യത ഉണ്ട്.
NDA: 48000
LDF: 47000
UDF: 35000
------------------------------------------------------------
7. വട്ടിയൂർക്കാവ്
------------------------
തിരുവനന്തപുരം നഗരസഭയിലെ, കൂടുതലായി മധ്യവർഗ വിഭാഗങ്ങൾ ഉൾപ്പെട്ട പ്രദേശങ്ങൾ ചേർന്ന 25 ഡിവിഷനുകൾ ഉൾപ്പെട്ടത് ആണ് വട്ടിയൂർക്കാവ് മണ്ഡലം. മൂന്നു മുന്നണികൾക്കും ഏറിയും കുറഞ്ഞും സ്വാധീനമുള്ള മണ്ഡലത്തിൽ, പാർട്ടി വിധേയത്വത്തിനപ്പുറം
സ്താനാർത്ഥികളുടെ മികവും വ്യകതി പ്രഭാവവും ഏറെ പ്രാധാന്യമുള്ള മണ്ഡലമാണ് വട്ടിയൂർക്കാവ്. പാർട്ടി സ്വാധീനത്തിൽ പിന്നിൽ നിൽക്കുന്ന കോൺഗ്രസിന്, മണ്ഡലത്തിലെ ന്യുനപക്ഷ വോട്ടുകൾ കേന്ദ്രീകരിക്കപ്പെടാനുള്ള സാധ്യത, അത് നികത്തുകയും ചെയ്യുന്നു.
പ്രവചനം: ഇടതുമുന്നണിയുടെ നിലവിലെ നിയമസഭാംഗം വി കെ പ്രശാന്ത്, മണ്ഡലത്തിൽ വളരെയധികം ജനകീയൻ ആണ്. 2011 ലും 2016 ലും മണ്ഡലത്തിലെ നിയമസഭാംഗം ആയിരുന്ന കെ മുരളീധരൻ, വീണ്ടും കോൺഗ്രെസ്സിനായി മത്സരത്തിനിറങ്ങുന്നു. കേരളത്തിലെ ആദ്യ വനിതാ ഡിജിപി ആയിരുന്ന ശ്രീലേഖ ബിജെപി യ്ക്കയും മത്സരത്തിനിറങ്ങുന്നു.
ഭരണ വിരുദ്ധ വികാരം തിരിച്ചടി ആണെങ്കിലും തന്റെ ജനകീയത വി കെ പ്രശാന്തിന് നേരിയ മുൻതൂക്കം നൽകുന്നു. മൂന്ന് മുന്നണികൾക്കും ഏകദേശം തുല്യ ജയ സാധ്യത ഉള്ള മണ്ഡലം, യഥാർത്ഥത്തിൽ പ്രവചനാതീതം ആണ്. പാർട്ടി വോട്ടുകളോടൊപ്പം, മണ്ഡലത്തിലെ ഉപരി വർഗ വോട്ടുകൾ ശ്രീലേഖ യ്ക്ക് നേടാനായാൽ, അവർക്കും, മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകൾ കേന്ദ്രീകരിക്കപ്പെട്ടാൽ മുരളീധരനും വിജയ സാധ്യത ഉണ്ട്.
LDF: 45000
NDA: 43000
UDF: 42000
------------------------------------------------------------
8. തിരുവനന്തപുരം
------------------------
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗങ്ങളും തീരപ്രദേശങ്ങളും ചേർന്നതാണ് തിരുവനന്തപുരം മണ്ഡലം. തീര പ്രദേശങ്ങളിലെ ക്രിസ്ത്യൻ , മുസ്ലിം ജന വിഭാഗങ്ങൾ കോൺഗ്രസിന് മണ്ഡലത്തിൽ മുൻതൂക്കം നൽകുന്നു. ആകെ 22 ഡിവിഷനുകൾ ആണ് മണ്ഡലത്തിലുള്ളത്.
------------------------------------------------------------
9. നേമം
------------------------
ബിജെപി കേരള നിയമസഭയിൽ ആദ്യമായി വിജയിച്ച നേമം മണ്ഡലം, തിരുവനന്തപുരം നഗര സഭയിലെ 22 ഡിവിഷനുകൾ ഉൾപ്പെട്ടത് ആണ്. ബിജെപി യ്ക്ക് രാഷ്ട്രീയമായി വിജയിക്കാൻ പ്രാപ്തമായ വോട്ടുകൾ ഉള്ള മണ്ഡലം ആണ് നേമം. ബിജെപിക്കും സിപിഎമ്മിനും കാര്യമായ സ്വാധീനമുള്ള മണ്ഡലത്തിൽ കോൺഗ്രസ് സംഘടനാപരമായി അത്ര ശക്തമല്ല.
പ്രവചനം: മണ്ഡലം നിലനിർത്താൻ ഇടതു മുന്നണിക്കായി ശിവൻ കുട്ടിയും, മണ്ഡലം തിരിച്ചു പിടിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ആയ രാജീവ് ചന്ദ്രശേഖറും ഇറങ്ങുമ്പോൾ, അട്ടിമറി പ്രതീക്ഷയിൽ കോൺഗ്രെസ്സിനായി ശബരീനാഥനും മത്സരത്തിനിറങ്ങുന്നു. മണ്ഡലത്തിൽ നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് കാര്യമായ മുൻതൂക്കം ഉണ്ട്. മുസ്ലിം, ക്രിസ്ത്യൻ ഏകീകരണം ശിവൻ കുട്ടിക്ക് ലഭിച്ചാൽ കാര്യമായ മത്സരം ഉണ്ടാകും എന്ന് മാത്രം. ശബരീനാഥൻ, കോൺഗ്രസിന്റെ വോട്ടുകൾ കാര്യമായി താഴെ പോകാതെ കാക്കാനുള്ള മത്സരത്തിലാണ്.
NDA: 60000
LDF: 50000
UDF: 30000
------------------------------------------------------------
10. അരുവിക്കര
------------------------
അരുവിക്കര, ആര്യനാട്, തൊളിക്കോട്, വിതുര, ഉഴമലയ്ക്കൽ, വെള്ളനാട്, കുറ്റിച്ചൽ, പൂവച്ചൽ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് അരുവിക്കര നിയമസഭാ മണ്ഡലം. ഇരു മുന്നണികൾക്കും ഒപ്പത്തിനൊപ്പം സ്വാധീനമുള്ള മണ്ഡലം ആണ് അരുവിക്കര.
പ്രവചനം: മണ്ഡലം തിരിച്ചു പിടിക്കാൻ കോൺഗ്രസിന്റെ വി എസ് ശിവകുമാർ മത്സരിക്കാൻ ഇറങ്ങുമ്പോൾ, നിലവിലെ നിയമസഭാംഗം ജി സ്റ്റീഫൻ ഇടതു മുന്നണിക്കായും, ടെലിവിഷൻ, ചലച്ചിത്ര നടനായ വിവേക് ഗോപൻ ബിജെപിയ്ക്കയും മത്സരത്തിനിറങ്ങുന്നു. ഭരണ വിരുദ്ധ വികാരം, ഐക്യ ജനാധിപത്യ മുന്നണിക്ക് നേരിയ മുൻതൂക്കം മണ്ഡലത്തിൽ നൽകുന്നുണ്ട്.
UDF: 61000
LDF: 56000
NDA: 27000
------------------------------------------------------------
11. പാറശ്ശാല
------------------------
കൊല്ലയിൽ, കുന്നത്തുകൽ, പാറശ്ശാല, പെരുങ്കടവിള, വെള്ളറട, അമ്പൂരി, ആര്യങ്കോട്, കള്ളിക്കാട്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് പാറശ്ശാല നിയമസഭാ നിയോജക മണ്ഡലം. ഇരു മുന്നണികൾക്കും രാഷ്ട്രീയ സ്വാധീനമുള്ള മണ്ഡലത്തിൽ, ബിജെപിയുടെ വളർച്ചയും ഇടതു പക്ഷത്തിന്റെ ജനകീയനായ നിലവിലെ നിയമ സഭാംഗത്തിന്റെ പ്രവർത്തന മികവും ഐക്യ ജനാധിപത്യ മുന്നണിക്കു ജയം ദുഷ്കരമാക്കിയിട്ടുണ്ട്.
പ്രവചനം: നിലവിലെ നിയമസഭാംഗം സി കെ ഹരീന്ദ്രൻ ഇടതു മുന്നണിക്കായും, നെയ്യാറ്റിൻകര സനൽ കോൺഗ്രെസ്സിനായും, ഗിരീഷ് നെയ്യാർ ബിജെപിയ്ക്കായും മത്സരത്തിനിറങ്ങുന്നു. സി കെ ഹരീന്ദ്രന്റെ ജനകീയത ഭരണ വിരുദ്ധ വികാരത്തെ മറികടക്കാനാണ് ഏറിയ സാധ്യതയും.
LDF: 67000
UDF: 55000
NDA: 30000
------------------------------------------------------------
12. കാട്ടാക്കട
------------------------
കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, വിളപ്പിൽ, വിളവൂർക്കൽ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കാട്ടാക്കട നിയമസഭാ നിയോജക മണ്ഡലം. കടുത്ത ത്രികോണ മത്സരം നടക്കുന്ന ഒരു മണ്ഡലം ആണ് കാട്ടാക്കട. തദ്ദേശ തലത്തിലും മൂന്ന് മുന്നണികൾക്കും ഒപ്പത്തിനൊപ്പം സ്വാധീനമുള്ള മണ്ഡലമാണ് കാട്ടാക്കട.
പ്രവചനം: മണ്ഡലം നിലനിർത്താൻ ജനകീയനായ നിലവിലെ നിയമസഭാംഗം ഐ ബി സതീഷ് ഇടതു മുന്നണിക്കായും, പിടിച്ചെടുക്കാനായി കോൺഗ്രസിൽ നിന്നും എം ആർ ബെജുവും മത്സരത്തിനിറങ്ങുമ്പോൾ, ബിജെപിക്കായി കാലങ്ങൾ ആയി മണ്ഡലത്തിൽ പ്രവർത്തിക്കുന്ന മുതിർന്ന നേതാവ് പി കെ കൃഷ്ണദാസ് മത്സരത്തിനിറങ്ങുന്നു.
LDF: 53000
UDF: 50000
NDA: 40000
------------------------------------------------------------
13. കോവളം
------------------------
ബാലരാമപുരം, കല്ലിയൂർ, വെങ്ങാനൂർ, കാഞ്ഞിരംകുളം, കരുംകുളം, കോട്ടുകാൽ, പൂവാർ ഗ്രാമ പഞ്ചായത്തുകളും, തിരുവനന്തപുരം നഗരസഭയിലെ വിഴിഞ്ഞം മേഖലയിലെ നാലു ഡിവിഷനുകളും ഉൾപ്പെട്ടത് ആണ് കോവളം നിയമസഭാ നിയോജക മണ്ഡലം.
ഐക്യ ജനാധിപത്യ മുന്നണിക്ക് മുൻതൂക്കമുള്ള ഒരു നിയമസഭാ മണ്ഡലം ആണ് കോവളം.
പ്രവചനം: നിലവിലെ MLA എം വിൻസെന്റ് കോൺഗ്രെസ്സിനായും, ഇടതു മുന്നണിക്കായി ഭഗത് റൂഫസും മത്സരത്തിനിറങ്ങുമ്പോൾ, ബിജെപി യ്ക്കായി ടി എൻ സുരേഷും മത്സരത്തിനിറങ്ങുന്നു.
UDF: 66000
LDF: 54000
NDA: 32000
------------------------------------------------------------
14. നെയ്യാറ്റിൻകര
------------------------
നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി, അതിയന്നൂർ, ചെങ്കൽ, കാരോട്, കുളത്തൂർ, തിരുപുരം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് നെയ്യാറ്റിൻകര നിയമസഭാ നിയോജക മണ്ഡലം. ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ സാമുദായിക ഘടകങ്ങൾ ഉണ്ടെങ്കിലും രാഷ്ട്രീയമായി ഇടതു മുന്നണിക്ക് നേരിയ മുൻതൂക്കം നിലവിൽ ഉള്ള മണ്ഡലമാണ് നെയ്യാറ്റിൻകര.
പ്രവചനം: നിലവിലെ ഇടതു നിയമസഭാംഗം ആർ ആൻസലൻ മണ്ഡലത്തിൽ ജനകീയനാണ്. അദ്ദേഹം മണ്ഡലം നിലനിർത്താൻ വീണ്ടും മത്സരത്തിനിറങ്ങുമ്പോൾ, കോൺഗ്രെസ്സിനായി മുതിർന്ന നേതാവ് എൻ ശക്തൻ മത്സരത്തിനിറങ്ങുന്നു. ബിജെപി യ്ക്കായി, ചെങ്കൽ രാജശേഖരൻ നായരും മത്സരത്തിനിറങ്ങുന്നു.
UDF: 56000
LDF: 54000
NDA: 20000
----------------------------------------------------------------------------
പൊതുചിത്രം: കേരളത്തിലെ യഥാർത്ഥ അർത്ഥത്തിലുള്ള ത്രികോണ മത്സരം നടക്കുന്ന ഏറ്റവുമധികം മണ്ഡലങ്ങളുള്ള ജില്ലയാണ് തിരുവനന്തപുരം. മൂന്നു മുന്നണികൾക്കും സ്വാധീനമുള്ള മണ്ഡലങ്ങളുള്ള ജില്ലയിൽ, കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ ഇടതു മുന്നണി വലിയ മുൻതൂക്കം നില നിർത്തുകയും സംസ്ഥാന ഭരണം കൈപിടിയിലൊതുക്കുകയും ചെയ്തു. 2011 ഇൽ ഐക്യ ജനാധിപത്യ മുന്നണി കേവല ഭൂരിപക്ഷമായ 71 സീറ്റുകൾ കഷ്ടിച്ച് കടന്നു കൂടി 72 മണ്ഡലങ്ങളിലെ വിജയവുമായി ഭരണത്തിലെത്തിയപ്പോൾ തിരുവനന്തപുരം ജില്ലയിൽ 8 മണ്ഡലങ്ങളിൽ ആണ് വിജയിക്കാനായത്. ഇടതു മുന്നണിക്ക് ആറും. ബിജെപിയ്ക്ക് നിയമസഭയിലേക്കുള്ള വാതിൽ തുറന്നു കൊടുത്ത ജില്ലയും തിരുവനന്തപുരം ആണ്.
ബിജെപിയുടെ സ്വാധീനത്തിലുള്ള വളർച്ച കോൺഗ്രസിനെ തളർത്തിയപ്പോൾ, ഇടതുമുന്നണിയ്ക്ക് മിക്ക മണ്ഡലങ്ങളിലും കാര്യങ്ങൾ എളുപ്പമാക്കിയപ്പോൾ ആ വളർച്ച , ഇടതു മുന്നണിയെയും പരാജപ്പെടുത്തുന്ന തരത്തിൽ ബിജെപി വളർച്ച എത്തിയിട്ടുള്ള ജില്ലയാണ് തിരുവനന്തപുരം. സംസ്ഥാന തലസ്ഥാനത്തെ കോർപ്പറേഷൻ ഭരണം അര നൂറ്റാണ്ടിനടുത്തു തുടർച്ചയായി കയ്യാളിയ ഇടതു ഭരണം കടപുഴക്കി ബിജെപിയ്ക്ക് കോർപ്പറേഷൻ ഭരണം പിടിക്കാനും 2025 ഇൽ ഇവിടെ സാധിച്ചിട്ടുണ്ട്.
2021 ൽ പതിന്നാലിൽ പതിമൂന്നും ജയിക്കാനായി ഇടതു മുന്നണിക്ക് ഇത്തവണ മറ്റു രണ്ടു മുന്നണികളിൽ നിന്നും കടുത്ത മത്സരം ആണ് നേരിടേണ്ടി വരുന്നത്. കോവളം മണ്ഡലത്തിൽ മാത്രം വിജയിക്കാനായ ഐക്യജനാധിപത്യ മുന്നണിക്ക്, മണ്ഡലത്തിൽ മുൻതൂക്കം നിലനിർത്തുന്നതിനു പുറമെ, ഇത്തവണ തിരുവനന്തപുരം, അരുവിക്കര , നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ മുൻതൂക്കവും, വാമനപുരം, വട്ടിയൂർക്കാവ്, കാട്ടാക്കട മണ്ഡലങ്ങളിൽ കടുത്ത പോരാട്ടം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്. നേമം, കഴക്കൂട്ടം മണ്ഡലങ്ങളിൽ കടുത്ത മത്സരത്തിൽ നേരിയ മുൻതൂക്കം ഉള്ള ബിജെപിയ്ക്ക് , തിരുവനന്തപുരം, കാട്ടാക്കട , വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ കടുത്ത ത്രികോണ മത്സരവും കാഴ്ച വെക്കാൻ സാധിക്കുന്നുണ്ട്. ഇത് ജില്ലയിലെ പോരാട്ടത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു.
LDF: 8 (-5)
UDF: 4 (+3)
NDA: 2 (+2)
















Comments
Post a Comment