കേരള വോട്ടവലോകനം , 23 - കൊല്ലം ജില്ല

  ആകെ പതിനൊന്നു മണ്ഡലങ്ങൾ ഉള്ള ജില്ലയാണ് കൊല്ലം. ഇടതു മുന്നണിക്കും, ഇടതു പ്രസ്ഥാനങ്ങൾക്കും രാഷ്ട്രീയ മുൻ‌തൂക്കം ഉള്ള ജില്ലയാണ് കൊല്ലം. 2021 ലെ തിരഞ്ഞെടുപ്പിൽ പതിനൊന്നിൽ ഒൻപതും ഇടതു മുന്നണിക്ക് വിജയിക്കാനായി. ഐക്യ ജനാധിപത്യ മുന്നണിക്കു ആകെ രണ്ടു മണ്ഡലങ്ങളിൽ മാത്രമാണ് വിജയിക്കാനായത്.

1. കരുനാഗപ്പള്ളി

2. ചവറ

3. കുന്നത്തൂർ

4. കൊട്ടാരക്കര

5. പത്തനാപുരം

6. പുനലൂർ

7. ചടയമംഗലം

8. കുണ്ടറ

9. കൊല്ലം

10. ഇരവിപുരം

11. ചാത്തന്നൂർ 

എന്നീ മണ്ഡലങ്ങളാണ് ജില്ലയിൽ. ഇതിൽ കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസിന് ജയിക്കാനായത്. RSP യിലെ വിവിധ വിഭാഗങ്ങൾക്ക് സ്വാധീന മേഖലകൾ ഉള്ള ജില്ലയിൽ, കഴിഞ്ഞ കുറച്ചു നാളുകളായി ബിജെപിയും സ്വാധീനം വര്ധിപ്പിക്കുന്നുണ്ട്.


നമുക്ക് മണ്ഡലങ്ങൾ പരിശോധിക്കാം.

---------------------------------------------------------------------

1. കരുനാഗപ്പള്ളി

---------------------------------
കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവ, തൊടിയൂർ ഗ്രാമ പഞ്ചായത്തുകൾ ചേർന്നത് ആണ് കരുനാഗപ്പള്ളി നിയമസഭാ മണ്ഡലം. ഒരു പരിധി വരെ സിപിഐ യുടെ കുത്തക മണ്ഡലം ആയിരുന്ന കരുനാഗപ്പള്ളി, സി ആർ മഹേഷ് എന്ന കോൺഗ്രസിന്റെ യുവ നേതാവ് 2016 ൽ മത്സരത്തിനിറങ്ങിയപ്പോൾ മുതൽ ആണ് ഇളക്കം തട്ടാൻ തുടങ്ങിയത്, 2016 ൽ നിസ്സാര വോട്ടുകൾക്ക് പരാജയപ്പെട്ട സി ആർ മഹേഷ്, മണ്ഡലത്തിൽ കാര്യമായി പ്രവർത്തിക്കുകയും, 2021 ലെ ഭരണാനുകൂല തരംഗത്തിലും മണ്ഡലം വലിയ ഭൂരിപക്ഷത്തിനു പിടിച്ചെടുത്തു.


പ്രവചനം: സി ആർ മഹേഷ് വീണ്ടും മത്സരത്തിനിറങ്ങുമ്പോൾ, മണ്ഡലം പിടിച്ചെടുക്കാനായി സിപിഐ യുടെ എം എസ് താര ഇറങ്ങുമ്പോൾ ബിജെപിയുടെ സ്ഥാനാർഥി ആയി വിഎസ് ജിതിൻദേവ് ഇറങ്ങുന്നു.

മണ്ഡലത്തിലെ ഭരണ വിരുദ്ധ വോട്ടുകൾ കൂടുതലായി ബിജെപി ക്കു പോകാനാണ് സാധ്യത. കഴിഞ്ഞ സി ആർ മഹേഷിനോടുള്ള സഹതാപത്തിൽ നഷ്ടപ്പെട്ട ബിജെപി വോട്ടുകളും തിരികെ വരൻ സാധ്യത ഉണ്ട്. മൊത്തം വോട്ടുകളിൽ സി ആർ മഹേഷിനു കുറവ് വരുമെങ്കിലും, ഭൂരിപക്ഷം നില നിർത്താൻ സാധ്യത ഉണ്ട്.

UDF: 84000

LDF: 58000

NDA: 28000

---------------------------------------------------------------------

2. ചവറ

---------------------------------

കൊല്ലം കോർപറേഷനിലെ ഏഴു ഡിവിഷനുകളും ചവറ, നീണ്ടകര, പന്മന, ചവറ തെക്കുംഭാഗം, തേവലക്കര പഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് ചവറ മണ്ഡലം. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ഡലത്തിൽ RSP യിലെ വിവിധ കക്ഷികൾക്ക് സ്വാധീനം ഇപ്പോഴും ഉണ്ട്.


പ്രവചനം: നിലവിലെ നിയമസഭാംഗം സുജിത് വിജയൻപിള്ള ഇടതു മുന്നണിക്കായും, ഷിബു ബേബി ജോൺ ആർ എസ് പി യിൽ നിന്നും ഐക്യ ജനാധിപത്യ മുന്നണിക്കായും മത്സരത്തിനിറങ്ങുന്നു. ബിജെപി യിൽ നിന്നും കെ ആർ രാജേഷും മത്സരത്തിനിറങ്ങുന്നു.

ഭരണ വിരുദ്ധ വികാരം യുഡിഎഫ് നു അനുകൂലമായി മണ്ഡലം മാറി ചിന്തിക്കാൻ വഴി വെച്ചേക്കാം.

UDF: 66000

LDF: 60000

NDA: 16000

---------------------------------------------------------------------

3. കുന്നത്തൂർ

---------------------------------

ശൂരനാട് വടക്കു, ശൂരനാട് തെക്കു, പോരുവഴി, ശാസ്താംകോട്ട, മൈനാഗപ്പള്ളി, കുന്നത്തൂർ, കല്ലട പടിഞ്ഞാറു, കല്ലട കിഴക്കു, മണ്റോതുരുത്, പവിത്രേശ്വരം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കുന്നത്തൂർ മണ്ഡലം.
ഇരു മുന്നണികളിൽ നിന്നും ആർ എസ് പി യിലെ രണ്ടു വിഭാഗങ്ങൾ മത്സരിക്കുന്ന മണ്ഡലത്തിൽ 2001 മുതൽ ഇടതു മുന്നണിക്കായി കോവൂർ കുഞ്ഞുമോൻ ആണ് വിജയിച്ചു വരുന്നത്.


പ്രവചനം: കോവൂർ കുഞ്ഞുമോൻ വീണ്ടും മണ്ഡലം നില നിർത്താനിറങ്ങുമ്പോൾ, ആർ എസ്സ് പി യ്ക്കായി ഉല്ലാസ് കോവൂർ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആയി ഇറങ്ങുമ്പോൾ , രാജി പ്രസാദ് ബിജെപിക്കായി മത്സരത്തിനിറങ്ങുന്നു.

UDF: 67000

LDF: 63000

NDA: 25000

---------------------------------------------------------------------

4. കൊട്ടാരക്കര

---------------------------------

കൊട്ടാരക്കര മുനിസിപ്പാലിറ്റി, എഴുകോൺ, കരീപ്ര, കുളക്കട, മൈലം, നെടുവത്തൂർ, വെളിയം, ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കൊട്ടാരക്കര നിയമസഭാ നിയോജക മണ്ഡലം.  2008 ലെ മണ്ഡല പുനര്നിര്ണയത്തിനു ശേഷം രാഷ്ട്രീയമായി ഇടതു പക്ഷത്തിനു വലിയ മുൻ‌തൂക്കം ഉള്ള മണ്ഡലം ആണ് കൊട്ടാരക്കര.


പ്രവചനം: മണ്ഡലത്തിലെ മുൻ ഇടതു നിയമസഭാംഗം ആയ ആയിഷ പോറ്റി, പാർട്ടിയുമായി തെറ്റി കോൺഗ്രസ് സ്ഥാനാർഥി ആയി മത്സരിക്കുന്നു. ധനമന്ത്രി ആയ കെ എൻ ബാലഗോപാൽ, മണ്ഡലം നിലനിർത്താനായി മത്സരിക്കാനിറങ്ങുന്നു. ആയിഷ പോറ്റി കോൺഗ്രെസ്സിലെത്തിയപ്പോൾ, 2021
ൽ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി ആയിരുന്ന ആർ രശ്മി ബിജെപി സ്ഥാനാർഥി ആയി മത്സരിക്കുന്നു.
മണ്ഡലത്തിലെ രാഷ്ട്രീയ സംഘടനാ സംവിധാനത്തിന്റെ മികവിൽ, ബാലഗോപാൽ നേരിയ മുൻതൂക്കത്തിൽ വിജയിക്കാനാണ് സാധ്യത. മികച്ച പ്രതിച്ഛായ ഉള്ള ആയിഷ പോറ്റിക്കു നിഷ്പക്ഷ വോട്ടുകൾ നേടാൻ ആകുമെങ്കിലും, സമാന രീതിയിൽ കോൺഗ്രസിൽ നല്ല ബന്ധങ്ങൾ ഉള്ള രശ്മി ക്കു ആ വോട്ടുകളിലും സ്വാധീനം ഉണ്ട്.

LDF: 55000

UDF: 52000

NDA: 39000


---------------------------------------------------------------------

5. പത്തനാപുരം

---------------------------------

പത്തനാപുരം, പട്ടാഴി, പട്ടാഴി-വടക്കേക്കര, പിറവന്തൂർ, തലവൂർ, വിലക്കുടി, മേലില, വെട്ടിക്കവല എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് പത്തനാപുരം നിയമസഭാ മണ്ഡലം. 2008 ലെ മണ്ഡല പുനര്നിര്ണയത്തിനു ശേഷം, പഴയ കൊട്ടാരക്കര മണ്ഡലത്തിലെ കേരള കോൺഗ്രസ് ബാലകൃഷ്ണ്ണപിള്ള വിഭാഗത്തിന് സ്വാധീനമുള്ള മേഖലകൾ കൂടുതലായി ചേർക്കപ്പെട്ടതോടെ , മണ്ഡലത്തിന് കേരളാകോൺഗ്രസ് സ്വഭാവം കൂടുതലായി വന്നിട്ടുണ്ട്.
2001 മുതൽ ഇരു മുന്നണികളുടെയും ഭാഗമായി, കേരള കോൺഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ്‌കുമാർ സ്ഥിരമായി ജയിച്ചു വരുന്ന മണ്ഡലം ആണ് പത്തനാപുരം.


പ്രവചനം: രാഷ്ട്രീയമായ മുൻതൂക്കത്തിന് പുറമെ, ഗണേഷ് കുമാറിന്റെ മണ്ഡലത്തിലെ സ്വാധീനത്തിന്റെ ശക്തിയിൽ ആണ് മണ്ഡലത്തിൽ ഗണേഷ് വിജയിക്കുന്നത്. സംസ്ഥനത്തെ പൊതു രാഷ്ട്രീയ കാലാവസ്ഥ ഈ മണ്ഡലത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ സാധ്യത കുറവാണു. 2021 ൽ മണ്ഡലത്തിൽ ഗണേശിന് ശക്തമായ വെല്ലുവിളി ഉയർത്തിയ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല, കഴിഞ്ഞ അഞ്ചു വർഷവും മണ്ഡലത്തിൽ ഉറച്ചു നിന്ന് പ്രവർത്തനം നടത്തിയിരുന്നു. എന്നാൽ ഗണേശ് ഇത്തവണയും ആ വെല്ലുവിളി അതി ജീവിക്കാൻ ആണ് സാധ്യത. എൻ ഡി എ യിൽ നിന്നും ട്വന്റി ട്വന്റി സ്ഥാനാർഥി ആയി എസ് അനിൽകുമാർ മത്സരിക്കുന്നു.

LDF: 64000

UDF: 61000

NDA: 10000

---------------------------------------------------------------------

6. പുനലൂർ

---------------------------------

പുനലൂർ മുനിസിപ്പാലിറ്റി, അഞ്ചൽ, ആര്യങ്കാവ്, എടമുളക്കൽ, ഏരൂർ, കരവാളൂർ, കുളത്തുപ്പുഴ, തെന്മല ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് പുനലൂർ നിയമസഭാ നിയോജകമണ്ഡലം.ദശകങ്ങളായി ഇടതു പക്ഷം കുത്തക യായി കൈവശം വെച്ചിരിക്കുന്ന മണ്ഡലമാണ് പുനലൂർ.


പ്രവചനം: ഇടതു മുന്നണിക്കായി അജയപ്രസാദും, ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്നും ലീഗ് സ്ഥാനാർഥി ആയി നൗഷാദ് യൂനുസും , എൻഡിഎ യ്ക്കായി ട്വന്റി ട്വന്റി യുടെ രഘുനാഥ് കമുകുംചേരിയും മത്സരിക്കുന്നു.

LDF: 75000

UDF: 50000

NDA: 15000

---------------------------------------------------------------------

7. ചടയമംഗലം

---------------------------------

അലയമൺ, ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടക്കൽ, കുമ്മിൾ, നിലമേൽ, വെളിനല്ലൂർ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് ചടയമംഗലം നിയമസഭാ നിയോജക മണ്ഡലം. ഇടതു പക്ഷത്തിനു മുൻ‌തൂക്കം ഉള്ളത് ആണ്, ചടയമംഗലം മണ്ഡലം. എന്നാൽ കോൺഗ്രസിനും ബിജെപിക്കും കാര്യമായ സ്വാധീനവും ഉള്ള മേഖലകൾ മണ്ഡലത്തിൽ ഉണ്ട്.


പ്രവചനം: ഇടതു മുന്നണിക്ക് ശക്തമായ മത്സരം നേരിടേണ്ടി വരുന്നുണ്ടെങ്കിലും രാഷ്ട്രീയ അടിത്തറയുടെ പിൻബലത്തിൽ ഇടതു മുന്നണി കടന്നു കൂടാൻ ആണ് സാധ്യത.

LDF: 61000

UDF: 58000

NDA: 20000

---------------------------------------------------------------------

8. കുണ്ടറ

---------------------------------

എളമ്പള്ളൂർ, കൊറ്റങ്കര, കുണ്ടറ, നെടുമ്പന, പേരയം, പെരിനാട്, തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തുകൾ ചേർന്നത് ആണ് കുണ്ടറ നിയോജക മണ്ഡലം. ഇടതു പ്രാമുഖ്യമുള്ള മണ്ഡലത്തിൽ, 2021 ലെ സവിശേഷ സാഹചര്യത്തിൽ മണ്ഡലം കോൺഗ്രസിന്റെ പി സി വിഷ്ണുനാഥ് പിടിച്ചെടുക്കുക ആയിരുന്നു.
ബി ഡി ജെ എസ്സ് നു മണ്ഡലം നൽകിയതിൽ ബിജെപി യിലുണ്ടായ കലാപവും, ആഴക്കടൽ മൽസ്യ ബന്ധന കരാറും ഒക്കെ ഇടതു മുന്നണിക്ക് തിരിച്ചടിയായി.


പ്രവചനം: നിലവിലെ നിയമസഭാംഗം ആയ പി സി വിഷ്ണുനാഥിന് ഭരണ വിരുദ്ധ വികാരത്തിന്റെ മുൻ‌തൂക്കം ഉണ്ട്. എന്നാൽ ബിജെപി യുടെ ശക്തമായ മത്സരം , അവരുടെ വോട്ടുകൾ മുഴുവൻ സ്ഥാനാർഥി ആയ റോബിൻ രാധാകൃഷ്ണന് നേടാൻ സഹായകം ആയേക്കും. ഇത് ഇടതു മുന്നണി സ്ഥാനാർഥി ആയ സജികുമാറിന് മുൻ‌തൂക്കം നൽകുന്നുണ്ട്. കനത്ത മത്സരത്തിൽ സജികുമാറിന് മുൻതൂക്കം ലഭിക്കാനാണ് സാധ്യത. ബിജെപി നേടുന്ന വോട്ടുകൾ എന്നാൽ നിർണായകം ആണ്. തദ്ദേശത്തിൽ നേടിയ വോട്ടുകളിൽ സിംഹഭാഗവും ബിജെപ്പിക്കു നേടാനായാൽ  വിഷ്ണുനാഥിന് കാര്യങ്ങൾ ബുദ്ധിമുട്ടാകും.

LDF: 64000

UDF: 63000

NDA: 28000

---------------------------------------------------------------------

9. കൊല്ലം

---------------------------------

കൊല്ലം കോർപ്പറേഷന് കീഴിലുള്ള പത്തൊൻപതു ഡിവിഷനുകൾ, പനയം, തൃക്കരുവാ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കൊല്ലം നിയമസഭാ നിയോജക മണ്ഡലം.

ഇടതു പക്ഷത്തിനു നല്ല മുൻ‌തൂക്കം ഉള്ള മണ്ഡലത്തിൽ, ഇടതു മുന്നണി ചലച്ചിത്ര നടൻ എം മുകേഷിനെ മത്സരിപ്പിച്ചു ജയിപ്പിച്ചതിൽ പിന്നെ കനത്ത വിരുദ്ധ വികാരം നേടുന്നുണ്ട്. മണ്ഡലത്തിലെ എതിർ വികാരവും പൊതു ഭരണ വിരുദ്ധ വികാരവും ഇടതു മുന്നണിക്ക് കനത്ത തിരിച്ചടി നൽകിയേക്കാം.


പ്രവചനം: മുകേഷിനെ മാറ്റി എസ് ജയമോഹനെ സ്ഥാനാർഥി ആക്കിയതിലൂടെ മണ്ഡലത്തിലെ ഭരണ വിരുദ്ധ വികാരം മറികടക്കാം എന്ന് ഇടതു മുന്നണി പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണത്തെ പരാജയത്തിന് ശേഷം മണ്ഡലത്തിൽ സജീവമായി പ്രവർത്തിച്ച ബിന്ദു കൃഷ്ണയ്ക്ക് , പൊതു ഭരണ വിരുദ്ധ വികാരത്തിന്റെ ആനുകൂല്യം ലഭിച്ചേക്കാം. എന്നാൽ ബിജെപി യുടെ സ്ഥാനാർഥി ആയ ഡോക്ടർ പ്രതാപ് കുമാർ വലിയ തോതിൽ വോട്ടുകൾ പിടിച്ചാൽ ഇടതു മുന്നണി വിജയിച്ചു കേറിയേക്കാം.

LDF: 50000

UDF: 48000

NDA: 30000

----------------------------------------------------------------------

10. ഇരവിപുരം

--------------------------------

കൊല്ലം കോർപ്പറേഷനിലെ 24 ഡിവിഷനുകളും, മയ്യനാട് പഞ്ചായത്തും ഉൾപ്പെട്ടത് ആണ് ഇരവിപുരം നിയമസഭാ മണ്ഡലം. നിലവിൽ സിപിഎമ്മിലെ എം നൗഷാദ് ആണ് മണ്ഡലത്തിൽ വിജയിച്ചിട്ടുള്ളത്. മൂന്നാം വിജയത്തിനായി എം നൗഷാദും, ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് ആർ എസ് പി യ്ക്കായി വിഷ്ണു മോഹനും മത്സരിക്കുമ്പോൾ, എൻ ഡി എ യ്ക്കായി ബി ഡി ജെ എസ് സ്ഥാനാർഥി, സജി ഡി ആനന്ദും മത്സരിക്കുന്നു.


പ്രവചനം: നൗഷാദിന് മണ്ഡലത്തിലുള്ള സ്വാധീനവും, മികച്ച പ്രകടനവും ഭരണ വിരുദ്ധ വികാരത്തെമറികടക്കാൻ സഹായിച്ചേക്കും.

LDF: 60000

UDF: 49000

NDA: 14000


------------------------------------------------------------------------

11. ചാത്തന്നൂർ 

--------------------------------
പറവൂർ മുനിസിപ്പാലിറ്റി, ചാത്തന്നൂർ, ആദിച്ചനല്ലൂർ, ചിറക്കര, പൂതക്കുളം, കല്ലുവാതുക്കൽ, പൂയപ്പള്ളി ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് ചാത്തന്നൂർ മണ്ഡലം.
ഇടതു മുൻ‌തൂക്കം ഉള്ള മണ്ഡലത്തിൽ, 2016 മുതലുള്ള ബിജെപി മുന്നേറ്റം എടുത്തു പറയേണ്ടത് ആണ്. ബി ബി ഗോപകുമാർ എന്ന കോൺഗ്രസ് നേതാവ് ബിജെപിയിലെത്തി നടത്തിയ പ്രവർത്തനം, ബിജെപി യെ ഇപ്പോൾ മണ്ഡലത്തിൽ രണ്ടാമതും, വിജയത്തിനടുത്തും എത്തിച്ചിരിക്കുന്നു.


പ്രവചനം: മണ്ഡലത്തിലെ ബിജെപിയുടെ പ്രവർത്തനം വിജയത്തിലേക്കെത്താനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്. ഭരണ വിരുദ്ധ വികാരവും ബിജെപിയ്ക്ക് മണ്ഡലത്തിൽ അനുകൂലമായേക്കാം.

NDA: 56000

LDF: 55000

UDF: 28000

-------------------------------------------------------------------------------
പൊതുചിത്രം: 2021 ലെ തിരഞ്ഞെടുപ്പിൽ ജില്ലയിലെ പതിനൊന്നു മണ്ഡലങ്ങളിൽ ഒൻപതും ഇടതു മുന്നണി ആണ് വിജയിച്ചിരുന്നത്. കരുനാഗപ്പള്ളി, കുണ്ടറ മണ്ഡലങ്ങളിൽ മാത്രമാണ് ഐക്യ ജനാധിപത്യ മുന്നണിക്ക് വിജയിക്കാനായത്. ഇടതു മുന്നണിക്ക് ഭരണത്തുടർച്ചയ്ക്കു വളരെ പ്രാധാന്യം ഉള്ള ജില്ലയാണ് കൊല്ലം. 
ഐക്യ ജനാധിപത്യ മുന്നണിക്ക് കഴിഞ്ഞ തവണയിൽ നിന്നും വ്യത്യസ്തമായി മെച്ചപ്പെട്ട മത്സരം കാഴ്ച വെക്കാൻ സാധിക്കുന്നുണ്ട്. മിക്ക മണ്ഡലങ്ങളിലും ഇടതു മുന്നണിയുടെ മുൻ‌തൂക്കം വളരെ നേരിയത് ആക്കി മാറ്റാൻ ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിക്കുന്നുണ്ട്. ഒട്ടു മിക്ക മണ്ഡലങ്ങളിലും വിജയികൾ വളരെ ചെറിയ ഭൂരിപക്ഷത്തിനു മാത്രം ജയിക്കുന്ന സ്ഥിതി ആണ് ജില്ലയിലുള്ളത്.
ബിജെപിയുടെ വളർച്ചയും മിക്ക മണ്ഡലങ്ങളിലെയും മത്സരം കടുത്തതും പ്രവചനാതീതവും ആക്കുന്നു. ചാത്തന്നൂർ മണ്ഡലത്തിൽ കടുത്ത മത്സരത്തിൽ വളരെ നേരിയ മുൻതൂക്കവും ബിജെപിക്ക് ലഭിക്കുന്നുണ്ട്.

LDF: 7 (-2)

UDF: 3 (+1)

NDA: 1 (+1)

Comments