തെക്കൻ തിരുവിതാംകൂറിന്റെ ഭാഗമെന്ന് വിശേഷിപ്പിക്കാവുന്ന മധ്യ കേരളത്തിലെ ജില്ലയാണ് ആലപ്പുഴ. കേരളത്തിന്റെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഈറ്റില്ലങ്ങളിലൊന്ന് എന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയാണ് ആലപ്പുഴ. ഇന്നും ഇടതു പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള പ്രദേശം ആണ് ആലപ്പുഴ ജില്ല. കോൺഗ്രസിനും വലിയ സ്വാധീനമുള്ള ജില്ലയിൽ അടുത്തിടെയായി ബിജെപി യും കാര്യമായ വളർച്ച കൈവരിച്ചിട്ടുണ്ട്.
1. അരൂർ
2. ചേർത്തല
3. ആലപ്പുഴ
4. അമ്പലപ്പുഴ
5. കുട്ടനാട്
6. ഹരിപ്പാട്
7. കായംകുളം
8. മാവേലിക്കര
9. ചെങ്ങന്നൂർ
എന്നീ മണ്ഡലങ്ങൾ ആണ് ആലപ്പുഴ ജില്ലയിൽ ഉള്ളത്. 2021 ൽ ഹരിപ്പാട് ഒഴികെ മറ്റെല്ലാ മണ്ഡലങ്ങളും ഇടതു പക്ഷം ആണ് വിജയിച്ചത്. ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇടതു പ്രസ്ഥാനങ്ങൾക്ക് ആഴത്തിലുള്ള വേരോട്ടം ഉണ്ട്. തൊഴിലാളി പ്രസ്ഥാനങ്ങളിലൂടെയും വിപ്ലവ മുന്നേറ്റങ്ങളിലൂടെയും മറ്റും രാഷ്ട്രീയ അടിത്തറ വളർത്തിയ ഇടതു പക്ഷത്തിനു, ഇപ്പോഴും ആ വേരുകൾ നില നിർത്താൻ സാധിക്കുന്നുണ്ട്.
നമുക്കിനി മണ്ഡലങ്ങളിലെ നിലവിലെ രാഷ്ട്രീയ പരിതസ്ഥിതി പരിശോധിക്കാം.
------------------------------------------------
1. അരൂർ
-------------------
കെആർ ഗൗരി അമ്മ ദീർഘ കാലം വിജയിച്ചു വന്ന മണ്ഡലം ആണ് അരൂർ. മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് വിട്ടു 1996 ൽ ജെഎസ്എസ് രൂപീകരിച്ചപ്പോഴും ഐക്യ മുന്നണിയുടെ ഭാഗമായപ്പോഴും ഗൗരി അമ്മയ്ക്ക് ജയം നില നിർത്താനായി. എന്നാൽ 2006 ലെ ഇടതു തരംഗത്തിൽ എഎം ആരിഫ് ലൂടെ മണ്ഡലം തിരിച്ചു പിടിക്കാനായി. 2019 ലെ ഉപതിരഞ്ഞെടുപ്പിൽ ഉണ്ടായ പ്രത്യേക സാഹചര്യത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്കു വിജയിക്കാനായെങ്കിലും, 2021 ൽ മണ്ഡലം തിരികെ പിടിക്കാൻ ഇടതു പക്ഷത്തിനായി.
അരൂക്കുറ്റി, അരൂർ, ചേന്നം-പള്ളിപ്പുറം, എഴുപുന്ന, കോടംതുരുത്, കുത്തിയതോട്, പാണാവള്ളി, പെരുമ്പളം, തൈക്കാട്ടുശ്ശേരി, തുറവൂർ എന്നീ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് അരൂർ നിയോജക മണ്ഡലം.
പ്രവചനം: നിലവിലെ നിയമസഭാംഗം ആയ ദലീമ ഇടതു പക്ഷത്തിനായി മത്സരിക്കുമ്പോൾ, ഉപ തിരഞ്ഞെടുപ്പിൽ വിജയിച്ച ഷാനിമോൾ ഉസ്മാൻ ഐക്യ ജനാധിപത്യ മുന്നണിക്കായി മത്സരിക്കുന്നു. ബിജെപി വളരെ വലിയ വളർച്ച കൈവരിച്ച മണ്ഡലത്തിൽ, പക്ഷെ സഖ്യ കക്ഷി ആയ ബിഡിജെഎസ് ആണ് മത്സരിക്കുന്നത്. അഡ്വക്കേറ്റ് പി എസ് ജ്യോതിസ് ആണ് ഇവിടെ എൻ ഡി എ സ്ഥാനാർഥി. 2016 ലെ മികച്ച പ്രകടനത്തിന് ശേഷം, ഏറെ ശോഷിച്ച ബിഡിജെഎസ്സിനു മത്സരിക്കുന്ന ഇടങ്ങളിൽ മുഴുവനായി ബിജെപി യുടെ വോട്ടുകൾ സമാഹരിക്കാൻ സാധിക്കാറില്ല. അത് കൊണ്ട് തന്നെ ബിജെപി വോട്ടുകളിൽ കാര്യമായ ചോർച്ച ഉണ്ടാകാൻ സാധ്യത ഉണ്ട്. ഇത് ഇടതു പക്ഷത്തിനു നേട്ടമാകാൻ ആണ് കൂടുതൽ സാധ്യത.
LDF: 72000
UDF: 67000
NDA: 20000
------------------------------------------------
2. ചേർത്തല
-------------------
ചേർത്തല മുനിസിപ്പാലിറ്റി, ചേർത്തല തെക്കു, കടക്കരപ്പള്ളി, കഞ്ഞിക്കുഴി, മുഹമ്മ, പട്ടണക്കാട്, തണ്ണീർമുക്കം, വയലാർ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് ചേർത്തല നിയമസഭാ നിയോജക മണ്ഡലം. രാഷ്ട്രീയമായി ഇടതു കക്ഷികൾക്ക് വ്യക്തമായ മുൻതൂക്കം ഉള്ള മണ്ഡലം ആണ് ചേർത്തല.
ഇടതു മുന്നണിക്കായി സിപിഐ യിൽ നിന്നും നിലവിലെ നിയമസഭാംഗം പി പ്രസാദ് മണ്ഡലം നിലനിർത്താൻ ഇറങ്ങുമ്പോൾ, കോൺഗ്രെസ്സിനായി കെ ആർ രാജേന്ദ്ര പ്രസാദ് ഉം, എൻഡിഎ യിൽ നിന്നും ബിഡിജെഎസ്സ് നു വേണ്ടി അഡ്വക്കേറ്റ് ടി പി അനന്തരാജ്ഉം മത്സരിക്കുന്നു.
പ്രവചനം: മണ്ഡലത്തിൽ കാര്യമായ രാഷ്ട്രീയ മാറ്റങ്ങൾ പ്രകടമല്ല. ഇടതു മുന്നണി മികച്ച ഭൂരിപക്ഷത്തിൽ മണ്ഡലം നിലനിർത്താനാണ് സാധ്യത.
LDF: 82000
UDF: 70000
NDA: 21000
------------------------------------------------
3. ആലപ്പുഴ
-------------------
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 26 വാർഡുകളും, ആര്യാട്, മണ്ണഞ്ചേരി, മാരാരിക്കുളം വടക്കു, മാരാരിക്കുളം തെക്കു ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് ആലപ്പുഴ നിയമസഭാ നിയോജക മണ്ഡലം. മണ്ഡല പുനർനിർണയത്തിനു ശേഷം ആലപ്പുഴ മണ്ഡലത്തിന്റെ ഇടതു സ്വഭാവം വലിയ തോതിൽ വർധിച്ചിരുന്നു. 2011 മുതൽ എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഇടതു പക്ഷം ആണ് വിജയിച്ചിരിക്കുന്നത്.
പ്രവചനം: ഇടതു മുന്നണിക്കായി നിലവിലെ mla പിപി ചിത്തരഞ്ജൻ വീണ്ടും മത്സരിക്കുമ്പോൾ, കോൺഗ്രെസ്സിനായി എ ഡി തോമസും, ബിജെപി യ്ക്കായി എം ജെ ജോബും മത്സരിക്കുന്നു.
LDF: 72000
UDF: 63000
NDA: 20000
------------------------------------------------
4. അമ്പലപ്പുഴ
-------------------
ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ 27 വാർഡുകളും, അമ്പലപ്പുഴ വടക്കു , അമ്പലപ്പുഴ തെക്കു, പുന്നപ്ര വടക്കു, പുന്നപ്ര തെക്കു , പുറക്കാട് ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് അമ്പലപ്പുഴ നിയമസഭാ നിയോജക മണ്ഡലം.
ഐക്യ ജനാധിപത്യ മുന്നണിക്കും ഇടതു പക്ഷത്തിനും ഏറെക്കുറെ തുല്യ ബലമുള്ള മണ്ഡലം ആണ് അമ്പലപ്പുഴ. എങ്കിലും സംഘടനാ സംവിധാനവും മികച്ച നേതൃത്വവും ഇടതു മുന്നണിക്ക് ഇവിടെ മേൽക്കൈ നൽകുന്നുണ്ട്.
മണ്ഡലത്തിൽ തുടർച്ചയായി മൂന്നു തവണ വിജയിച്ച സിപിഐഎം മുതിർന്ന നേതാവ് ജി സുധാകരൻ, പാർട്ടിയുമായി പിണങ്ങി, യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രൻ ആയി മത്സരിക്കുന്നത്, മണ്ഡലത്തിലെ പോരാട്ടത്തിന്റെ വെറും വാശിയും വർധിപ്പിച്ചിരിക്കുന്നു. നിലവിലെ നിയമസഭാംഗം എച് സലാം, ഇടതു പക്ഷത്തിനായി മത്സരിക്കാൻ ഇറങ്ങുമ്പോൾ, ബിജെപിക്കായി അരുൺ അനിരുദ്ധൻ മത്സരത്തിനിറങ്ങുന്നു.
പ്രവചനം: ജി സുധാകരന്റെ വിമത നീക്കം ഇടതു പക്ഷത്തിനു കാര്യങ്ങൾ ബുദ്ധിമുട്ടാക്കുന്നുണ്ട്. എന്നാൽ മണ്ഡലത്തിൽ വിജയിക്കാൻ ഇടതു മുന്നണി കാര്യമായ പ്രവർത്തനം നടത്താനാണ് സാധ്യത. കൂടാതെ കോൺഗ്രെസ്സിൽ നിന്നും പൂർണ്ണമായും വോട്ടുകൾ സുധാകരന് ലഭിക്കുമോ എന്നും സംശയം ആണ്. മികച്ച പ്രതിച്ഛായയുള്ള നേതാവ് എന്ന നിലയിൽ കുറച്ചു നിഷ്പക്ഷ വോട്ടുകളും ഭരണ വിരുദ്ധ വോട്ടുകളും നേടാൻ സാധ്യത ഉണ്ട്. മണ്ഡലത്തിലെ ബിജെപി വോട്ടുകൾ നിർണായകം ആണ്. മികച്ച പ്രചാരണം കാഴ്ച വെക്കുന്ന ബിജെപി ക്കു കഴിഞ്ഞ തവണയിൽ നിന്ന് വോട്ടുകൾ വര്ധിപ്പിക്കാനായാൽ ഇടതു മുന്നണിക്ക് തന്നെ വിജയം ലഭിക്കാനാണ് സാധ്യത.
LDF: 59000
UDF: 55000
NDA: 27000
------------------------------------------------
5. കുട്ടനാട്
-------------------
ചമ്പക്കുളം, എടത്വ, കൈനകരി, കാവാലം, മുട്ടാർ, നെടുമുടി, നീലംപേരൂർ, പുളിങ്കുന്ന്, രാമങ്കരി, തകഴി, തലവടി, വെളിയനാട്, വീയപുരം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കുട്ടനാട് നിയമസഭാ മണ്ഡലം. മണ്ഡലത്തിൽ, ഇടതു കക്ഷികൾക്ക് പരമ്പരാഗതമായ കാര്യമായ പിന്തുണ ഉണ്ട്. വിവിധ കർഷകമുന്നേറ്റങ്ങളിലും സംഘാടനത്തിലൂടെയും മറ്റും ശക്തമായ ഇടതു സാന്നിധ്യം ഉള്ള മണ്ഡലത്തിനു, എന്നാൽ മത സാമുദായികമായി ഒരു യുഡിഎഫ് ആഭിമുഖ്യവും ഉണ്ട്. സാമുദായിക പ്രാധാന്യം ഉള്ളത് കൊണ്ട് തന്നെ, മണ്ഡലത്തിലെ മത്സരം പലപ്പോഴും കേരളാകോൺഗ്രെസ്സുകളും NCP പോലെ ഉള്ള കക്ഷികളും തമ്മിലാണ്.
പ്രവചനം: നിലവിലെ നിയമസഭാംഗം തോമസ് കെ തോമസ് ഇടതു മുന്നണിക്കായി മണ്ഡലം നിലനിർത്താൻ ഇറങ്ങുമ്പോൾ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നും റെജി ചെറിയാൻ ഐക്യ ജനാതിപത്യ മുന്നണിക്കായും മത്സരത്തിനിറങ്ങുന്നു. എൻഡിഎ യ്ക്കായി ബിഡിജെഎസ്സിൽ നിന്നും സന്തോഷ് ശാന്തിയും മത്സരിക്കുന്നു.
മണ്ഡലം ഏറ്റെടുക്കാൻ ആഗ്രഹിച്ച കോൺഗ്രസിന്റെ സമ്മർദ്ദം മറികടന്നു ആണ് ജോസഫ് വിഭാഗം, മണ്ഡലത്തിൽ ഏറെ കാലം പ്രവർത്തിച്ച റെജി ചെറിയാന് സ്ഥാനാർഥി ആക്കിയത്. പൊതുവെ ഉള്ള ഭരണ വിരുദ്ധ വികാരവും, നിലവിലെ mla യോടുള്ള എതിർപ്പും ഐക്യ ജനാധിപത്യ മുന്നണിക്ക് സാധ്യത വർധിപ്പിക്കുന്നു.
UDF: 52000
LDF: 50000
NDA: 20000
------------------------------------------------
6. ഹരിപ്പാട്
ഹരിപ്പാട് മുനിസിപ്പാലിറ്റി, ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് ഹരിപ്പാട് നിയോജക മണ്ഡലം. പൊതുവെ ഇടതു ആഭിമുഖ്യമുള്ള മണ്ഡലം ആണെങ്കിലും തിരഞ്ഞടുപ്പുകളിൽ സ്ഥാനാർഥി മികവും മറ്റു ഘടകങ്ങളും മൂലം ഐക്യ ജനാധിപത്യ മുന്നണിക്ക് ആണ് മുൻതൂക്കം ലഭിക്കാറ്.
കോൺഗ്രസിന്റെ മുതിർന്ന നേതാവും യുഡിഎഫ് വിജയിച്ചാൽ മുഖ്യമന്തി പദവി ലഭിക്കാനും സാധ്യതയുള്ള രമേശ് ചെന്നിത്തല മണ്ഡലം നിലനിർത്താൻ മത്സരിക്കുമ്പോൾ, സിപിഐ യിൽ നിന്നും യുവ നേതാവ് ആയ ടി ടി ജിസ്മോൻ മത്സരിക്കുന്നു. ബിജെപി യിൽ നിന്നും യുവ മുഖമായ സന്ദീപ് വാചസ്പതിയും മത്സരിക്കുമ്പോൾ മണ്ഡലത്തിൽ കടുത്ത മത്സരം ആണ് നടക്കുന്നത്.
ബിജെപിക്ക് ലോകസഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിൽ മെച്ചപ്പെട്ട വോട്ടു ശതമാനം നേടാൻ സാധിക്കുന്നുണ്ടെങ്കിലും മികച്ച സഥാനാർത്ഥികളുടെ അഭാവവും ചെന്നിത്തലയുടെ സാന്നിധ്യവും നിയമ സഭ തിരഞ്ഞടുപ്പുകളിൽ വോട്ടുകൾ കോൺഗ്രസിലേക്ക് ഒഴുകുന്നതിനു കാരണമാകുന്നുണ്ട്. ഇത്തവണ കടുത്ത മത്സരത്തിൽ അതിനുള്ള സാധ്യത കുറവാണെന്നു വേണം കരുതാൻ.
പ്രവചനം: രമേശ് ചെന്നിത്തലയുടെ പ്രവർത്തന പാരമ്പര്യവും മണ്ഡലത്തിലെ സാന്നിധ്യവും ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂല സാഹചര്യവും കോൺഗ്രസിന് ഇവിടെ വ്യക്തമായ മുൻതൂക്കം നൽകുന്നു. ബിജെപിയുടെ പ്രകടനവും ഭൂരിപക്ഷത്തെ ബാധിച്ചേക്കാമെങ്കിലും ജയ സാധ്യതയെ ബാധിക്കാനിടയില്ല.
UDF: 67000
LDF: 55000
NDA: 25000
------------------------------------------------
7. കായംകുളം
-------------------
കായംകുളം മുനിസിപ്പാലിറ്റി, ദേവികുളങ്ങര, കണ്ടല്ലൂർ, കൃഷ്ണപുരം, പതിയൂർ, ഭരണിക്കാവ്, ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കായംകുളം നിയമസഭാ മണ്ഡലം.
ആലപ്പുഴ ജില്ലയിലെ പൊതുവെ ഉള്ള ഇടതു ആഭിമുഖ്യം കായംകുളം മണ്ഡലത്തിലും ദൃശ്യമാണ്. എന്നാൽ ശക്തനായ സ്ഥാനാർത്ഥിയും രാഷ്ട്രീയ സാഹചര്യങ്ങൾ ഒത്തു വന്നാലും കോൺഗ്രസിനും ജയസാധ്യത ഉള്ള മണ്ഡലം ആണ് കായംകുളം
പ്രവചനം: നിലവിലെ നിയമസഭാംഗം പ്രതിഭ ഹരി ഇടതുമുന്നണിക്കായും, എം ലിജു കോൺഗ്രെസ്സിനെയും മത്സരിക്കുന്നു. എൻ ഡി എ യ്ക്കായി ബി ഡി ജെ എസ്സ് മത്സരിക്കുന്നതിനാലും മികച്ച സ്ഥാനാർത്ഥിയുടെ അഭാവവും പൂർണ്ണമായും ബിജെപി അനുഭാവി വോട്ടുകൾ നേടാൻ സാധിക്കാത്ത അവസ്ഥ എൻഡിഎയ്ക്ക് ഉണ്ടാക്കുന്നുണ്ട്.
LDF: 69000
UDF: 68000
NDA: 19000
------------------------------------------------
8. മാവേലിക്കര
-------------------
മാവേലിക്കര മുനിസിപ്പാലിറ്റി, ചുനക്കര, മാവേലിക്കര-തെക്കേക്കര, മാവേലിക്കര-താമരക്കുളം, നൂറനാട്, പാലമേൽ, തഴക്കര, വള്ളിക്കുന്നം എന്നി ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് മാവേലിക്കര നിയമസഭാ മണ്ഡലം. ഇടതു സ്വാധീനം മുന്നിട്ടു നിൽക്കുന്ന മണ്ഡലമാണ് മാവേലിക്കര.
പ്രവചനം: നിലവിലെ നിയമസഭാംഗം എം എസ് അരുൺകുമാർ മണ്ഡലം നിലനിർത്താൻ മത്സരത്തിനിറങ്ങുമ്പോൾ, അഡ്വക്കേറ്റ് മുത്താര രാജു കോൺഗ്രെസ്സിനായും, അജിമോൻ ബിജെപിക്കായും മത്സത്തിനിറങ്ങുന്നു.
LDF: 75000
UDF: 45000
NDA: 33000
------------------------------------------------
9. ചെങ്ങന്നൂർ
-------------------
ചെങ്ങന്നൂർ മുനിസിപ്പാലിറ്റി, ആല, ബുധനൂർ, ചെറിയനാട്, മാന്നാർ, മുളക്കുഴ, പാണ്ടനാട്, പുലിയൂർ, തിരുവൻവണ്ടൂർ, വെൺമണി, ചെന്നിത്തല-തൃപ്പെരുംതുറ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് ചെങ്ങന്നൂർ നിയമസഭാ മണ്ഡലം. ബിജെപിയുടെ വലിയ വളർച്ചയിൽ കോൺഗ്രസിന് മുൻതൂക്കം നഷ്ടപ്പെട്ട ഒരു മണ്ഡലം ആണ് ചെങ്ങന്നൂർ.
പ്രവചനം: മണ്ഡലം നിലനിർത്താൻ ഇടതുമുന്നണിയുടെ സജി ചെറിയാൻ മത്സരത്തിനിറങ്ങുമ്പോൾ, കോൺഗ്രെസ്സിനായി എബി കുര്യാക്കോസും, ബിജെപി ക്കായി എം വി ഗോപകുമാറും മത്സരത്തിനിറങ്ങുന്നു.
LDF: 61000
UDF: 47000
NDA: 37000
-------------------------------------------------------------------
പൊതുചിത്രം: ഇടതു മുന്നണിക്ക് രാഷ്ട്രീയ മുൻതൂക്കം ഉള്ള ജില്ലയാണ് ആലപ്പുഴ. ജില്ലയിലെ മത സാമുദായിക ഘടകങ്ങൾ, അനുകൂല സാഹചര്യത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്കും സഹായകരം ആകാറുണ്ട്. ജില്ലയിലെ ബിജെപിയുടെ വളര്ച്ചയും എടുത്തു പറയേണ്ടത് ആണ്. ബിജെപിയുടെ ആദ്യ ഘട്ട വളർച്ച കോൺഗ്രെസ്സിനെയാണ് പ്രതികൂലമായി ബാധിച്ചത് എങ്കിലും, അടുത്തിടെ ആയി ഇടതു മുന്നണിയുടെ വോട്ടുകളിലും ഇടിച്ചു കയറാൻ ബിജെപിക്ക് ആകുന്നുണ്ട്.
നിലവിൽ ജില്ലയിലെ ഒൻപതു മണ്ഡലങ്ങളിൽ ഒന്നിൽ മാത്രം വിജയിച്ച ഐക്യ ജനാധിപത്യ മുന്നണി, നില മെച്ചപ്പെടുത്താനുള്ള സാധ്യത ഉണ്ട്. ജില്ലയിലെ എന്നല്ല , സംസ്ഥാനതലത്തിൽ തന്നെ മുതിര്ന്ന നേതാവായ ജി സുധാകരന്റെ വിമത നീക്കം ഇടതു മുന്നണിക്ക് ചെറിയ ഉലച്ചിൽ ഉണ്ടാക്കിയിട്ടുണ്ട്.
ബിജെപി ക്കും വിജയ സാധ്യത ഇല്ലെങ്കിലും മിക്ക മണ്ഡലങ്ങളിലും ത്രികോണ മത്സര പ്രതീതി സൃഷ്ടിക്കാനും, സാഹചര്യങ്ങൾ അനുകൂലം ആണെങ്കിൽ ഒന്നോ രണ്ടോ മണ്ഡലങ്ങളിൽ രണ്ടാമത്തെത്തുവാനും സാധിച്ചേക്കാം.
അരൂർ മണ്ഡലത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് മികച്ച മത്സരം കാഴ്ച വെക്കാൻ സാധിക്കുമ്പോൾ, കുട്ടനാട് മണ്ഡലം ഇടതു മുന്നണിയിൽ നിന്നും കടുത്ത മത്സരത്തിലൂടെ പിടിച്ചെടുക്കാൻ സാധിച്ചേക്കാം. അതെ പോലെ അമ്പലപ്പുഴ മണ്ഡലത്തിലും കായംകുളത്തും സമാനമായി കടുത്ത മത്സരം നടക്കുന്നുണ്ടെങ്കിലും നേരിയ മുൻതൂക്കത്തിന് ഇടതു മുന്നണി മണ്ഡലങ്ങൾ നിലനിർത്താൻ സാധിച്ചേക്കാം.
LDF: 7 (-1)
UDF: 2 (+1)
NDA: 0
Comments
Post a Comment