കേരള വോട്ടവലോകനം , 19 - കോട്ടയം ജില്ല
മധ്യ കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിക്ക് രാഷ്ട്രീയമായും മത-സാമുദായികമായും വലിയ മുൻതൂക്കം ഉള്ള മറ്റൊരു ജില്ലയാണ് കോട്ടയം. കേരള കോൺഗ്രെസ്സുകൾക്കും കോൺഗ്രെസ്സിനും മുൻതൂക്കം ഉള്ള ജില്ലയിൽ ഇടതു പക്ഷത്തിനു രാഷ്ട്രീയ മുൻതൂക്കമുള്ള ചില മേഖലകളും ഉണ്ട്. കേരള കോൺഗ്രെസ്സുകളുടെ മുന്നണി മാറ്റങ്ങൾ മുന്നണികളുടെ ജയപരാജയങ്ങളിൽ ഏറെ പ്രതിഫലിക്കുന്ന ജില്ലയാണ് കോട്ടയം.
1. പാലാ
2. കടുത്തുരുത്തി
3. വൈക്കം
4. ഏറ്റുമാനൂർ
5. കോട്ടയം
6. പുതുപ്പള്ളി
7. ചങ്ങനാശ്ശേരി
8. കാഞ്ഞിരപ്പള്ളി
9. പൂഞ്ഞാർ
എന്നീ ഒൻപതു മണ്ഡലങ്ങൾ ആണ് ജില്ലയിൽ ഉള്ളത്. കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് രാഷ്ട്രീയമായി ശക്തമായ അടിത്തറ ഉള്ള രണ്ടു മണ്ഡലങ്ങൾ ആണുള്ളത്, വൈക്കം , ഏറ്റുമാനൂർ പിന്നെ ഒരു പരിധി വരെ കോട്ടയവും, കാഞ്ഞിരപ്പള്ളിയും. മറ്റു മണ്ഡലങ്ങൾ ഒക്കെ തന്നെ കേരള കോൺഗ്രെസ്സുകളും കോൺഗ്രെസ് പാർട്ടിക്കും മുൻതൂക്കം ഉള്ള മേഖലകൾ ആണ്. കേരള കോൺഗ്രസിലെ ഏതെങ്കിലും വിഭാഗത്തെ കൂടെ നിർത്തി ആണ് ഇടതു പക്ഷം ഇവിടങ്ങളിൽ ജയ സാധ്യത നിലനിർത്തുന്നത്.
നമുക്കു മണ്ഡലങ്ങളിലേക്കു കടക്കാം.
----------------------------------------------------------------
1. പാലാ
---------------------
കേരള കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായ കെഎം മാണി തുടർച്ചയായി ജയിച്ചു വന്ന മണ്ഡലം ആണ് പാലാ. 2008 ലെ മണ്ഡല പുനര്നിര്ണയത്തിൽ മണ്ഡലത്തിന്റെ അതിർത്തികളിലും രാഷ്ട്രീയ സമവാക്യങ്ങളിലും കാര്യമായ മാറ്റങ്ങൾ വന്നെങ്കിലും കെഎം മാണി കുറഞ്ഞ ഭുരിപക്ഷത്തിനെങ്കിലും വീണ്ടും 2011 ലും 2016 ലും വിജയിച്ചു വന്നു. 2006 മുതൽ മാണിയുടെ എതിരാളി ആയിരുന്ന മാണി സി കാപ്പൻ , മാണിയുടെ മരണത്തിനു ശേഷം നടന്ന ഉപ തിരഞ്ഞെടുപ്പിൽ എൻസിപി സ്തനാർത്ഥി ആയി ഇടതു പക്ഷത്തുനിന്നും വിജയിച്ചു. മുന്നണിയിലെ പ്രശ്നങ്ങൾ മൂലം 2020 ൽ ഐക്യ ജനാധിപത്യ മുന്നണി ബന്ധം ഉപേക്ഷിച്ച കേരള കോൺഗ്രസ് മാണി വിഭാഗം, ഇടതു മുന്നണിയോട് ചേരുകയും, ഇടതു മുന്നണി പാലാ മണ്ഡലത്തിൽ ജോസ് കെ മാണിയെ മത്സരിപ്പിക്കാൻ സമ്മതിക്കുകയും ചെയ്തു. നിലവിലെ നിയമസഭാംഗം ആയ മാണി സി കാപ്പൻ ഇതേതുടർന്ന് ഇടതു മുന്നണി വിട്ട് ഐക്യ ജനാധിപത്യ മുന്നണിയുടെ ഭാഗം ആകുകയും , വീണ്ടും പാലായിൽ മത്സരിച്ചു വിജയിക്കുകയും ചെയ്തു.
പാലാ മുനിസിപ്പാലിറ്റി, ഭരണങ്ങാനം, കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം, എലിക്കുളം ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് പാലാ നിയോജക മണ്ഡലം. ബിജെപി ക്കും മണ്ഡലത്തിൽ ചില പഞ്ചായത്തുകളിൽ ശക്തമായ സ്വാധീനം ഉണ്ട്. കൂടാതെ പിസി ജോർജിന്റെ ബിജെപി പ്രവേശനത്തോടെ ബിജെപിക്ക് മണ്ഡലത്തിൽ കൂടുതൽ സ്വാധീന മേഖലകൾ തുറക്കാൻ സാധിച്ചിട്ടുണ്ട്.
പ്രവചനം: ജോസ് കെ മാണി ഇടതു മുന്നണിക്കായും , മാണി സി കാപ്പൻ മണ്ഡലം നിലനിർത്താൻ ഐക്യ ജനാധിപത്യ മുന്നണിക്കായും മത്സരിക്കുമ്പോൾ, ബിജെപി ക്കായി അഡ്വക്കേറ്റ് ഷോൺ ജോർജ് മത്സരിക്കുന്നു. ഷോൺ ജോർജിന് ഒരു ത്രികോണ മത്സര പ്രതീതി ഉയർത്താൻ സാധിച്ചിട്ടുണ്ട്. എങ്കിലും മണ്ഡലത്തിന്റെ പരമ്പരാഗത യുഡിഎഫ് സ്വഭാവവും , ഭരണ വിരുദ്ധ വികാരവും മാണി സി കാപ്പന് അനുകൂലം ആകാം.
UDF: 52000
LDF: 47000
NDA: 38000
----------------------------------------------------------------
2. കടുത്തുരുത്തി
---------------------
കേരള കോൺഗ്രസിന്റെ വിവിധ വിഭാഗങ്ങൾക്ക് പ്രാമുഖ്യം ഉള്ള മറ്റൊരു മണ്ഡലം ആണ് കടുത്തുരുത്തി. കടുത്തുരുത്തി, മാഞ്ഞൂർ , മുളക്കുളം, ഞീഴൂർ, കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറവിലങ്ങാട്, മരങ്ങാട്ടുപള്ളി, ഉഴവൂർ, വെളിയന്നൂർ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കടുത്തുരുത്തി നിയമസഭാ മണ്ഡലം.
2006 മുതൽ മോൻസ് ജോസഫ് ഇരു മുന്നണികളിലുമായി വിജയിച്ചു വരുന്ന മണ്ഡലം ആണ് കടുത്തുരുത്തി. ഇത്തവണയും മണ്ഡലം നില നിർത്താൻ മോൻസ് മത്സരത്തിനിറങ്ങുമ്പോൾ, കേരള കോൺഗ്രസ് മാണിയിൽ നിന്നും നിർമല ജിമ്മി മത്സരത്തിനിറങ്ങുന്നു. എൻഡിഎ യ്ക്കായി ബിഡിജെഎസ്സ് ൽ നിന്നും സുരേഷ് ഇട്ടിക്കുന്നേൽ മത്സരിക്കുന്നു.
പ്രവചനം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷത്തിന് വിജയിച്ച മോൻസിനു , സംസ്ഥാന സർക്കാരിനെതിരായ ഭരണ വിരുദ്ധ വികാരം വോട്ടായി മാറാനാണ് കൂടുതൽ സാധ്യത.
UDF: 63000
LDF: 50000
NDA: 14000
----------------------------------------------------------------
3. വൈക്കം
---------------------
സംസ്ഥാനത്തെ സിപിഐ യുടെ ഏറ്റവും ഉറച്ച മണ്ഡലങ്ങളിൽ ഒന്നാണ് വൈക്കം. പരമ്പരാഗതമായി തൊഴിലാളി പ്രസ്ഥാനങ്ങൾക്കും ഇടതു പക്ഷ രാഷ്ട്രീയത്തിനും ആഴത്തിലുള്ള സ്വാധീനമുള്ള മണ്ഡലമാണ് വൈക്കം. വൈക്കം മുനിസിപ്പാലിറ്റി, ചെമ്പു, കല്ലറ, മറവന്തുരുത്തു, ടി വി പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂർ, വെള്ളൂർ ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് വൈക്കം നിയമസഭാ മണ്ഡലം.
കടുത്ത യുഡിഎഫ് തരംഗത്തിനിടയിൽ പോലും ഇടതു മുന്നണി എല്ലാതലങ്ങളിലുള്ള തിരഞ്ഞെടുപ്പുകളിലും പിടിച്ചു നിൽക്കുന്ന മധ്യ കേരളത്തിലെ അപൂർവ്വം മണ്ഡലങ്ങളിലൊന്നാണ് വൈക്കം.
അടുത്തിടെ സിപിഐ യുടെ മണ്ഡലത്തിലെ ചില ഘടകങ്ങളിൽ ഉണ്ടായിട്ടുള്ള ബിജെപിയിലേക്കുള്ള കൊഴിഞ്ഞു പോക്കും, മുൻ നിയമസഭങ്ങളും പാർട്ടി കുടുംബങ്ങളും ഒക്കെ ബിജെപിയിലേക്ക് ചേക്കേറിയത് സിപിഐക്കു ചെറിയ ക്ഷീണം ഉണ്ട്. എന്നാൽ ഇതൊന്നും തന്നെ മണ്ഡലത്തിലെ ഇടതു മുന്നണിയുടെ മുൻതൂക്കത്തെ ബാധിക്കാനുള്ള സാധ്യത ഒന്നും കാണുന്നില്ല.
പ്രവചനം : ഇടതു മുന്നണിക്കായി പി പ്രദീപും കോൺഗ്രെസ്സിനായി ബിനിമോനും മത്സരിക്കുമ്പോൾ, ബിജെപിക്കായി, സിപിഐ യുടെ മണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാംഗം കെ അജിത് പാർട്ടിയിൽ നിന്ന് രാജി വെച്ച് മത്സരിക്കുന്നു. പ്രത്യേകിച്ച് രാഷ്ട്രീയ അട്ടിമറികൾ ഒന്നും തന്നെ പ്രതീക്ഷിക്കേണ്ടതില്ല.
LDF: 64000
UDF: 46000
NDA: 18000
----------------------------------------------------------------
4. ഏറ്റുമാനൂർ
---------------------
ജില്ലയിലെ ഇടതു ആഭിമുഖ്യമുള്ള മറ്റൊരു മണ്ഡലം ആണ് ഏറ്റുമാനൂർ. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി, അയ്മനം, ആർപ്പൂക്കര, അതിരംപുഴ, കുമരകം, നീണ്ടൂർ, തിരുവാർപ്പ് എന്നീ ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് ഏറ്റുമാനൂർ നിയമസഭാ മണ്ഡലം. 2008 ലെ മണ്ഡല പുനർനിർണയത്തിനു ശേഷം ആണ് മണ്ഡലത്തിൻറെ രാഷ്ട്രീയ സ്വഭാവം ഇടതു പക്ഷത്തിലേക്കു ചാഞ്ഞതു.
പ്രവചനം: കടുത്ത മത്സരം നടക്കുമെങ്കിലും, വി എൻ വാസവന് ഇടതു സംഘടനാ സംവിധാനവും വ്യക്തി പരമായ ബന്ധങ്ങളും ചെറിയ മുൻതൂക്കം നൽകുന്നു.
LDF: 54000
UDF: 51000
NDA: 18000
----------------------------------------------------------------
5. കോട്ടയം
---------------------
കോട്ടയം മുനിസിപ്പാലിറ്റിയും വിജയപുരം, പനച്ചിക്കാട് ഗ്രാമ പഞ്ചായത്തുകളും ചേർന്നത് ആണ് കോട്ടയം നിയമസഭാ നിയോജക മണ്ഡലം.
ഇടതു പക്ഷത്തിനു മുൻതൂക്കം ഉണ്ടായിരുന്ന മണ്ഡലം, 2008 ലെ മണ്ഡല പുനർനിർണയത്തിനു ശേഷം ഐക്യ ജനാധിപത്യ മുന്നണിക്ക് നേരിയ മുൻതൂക്കം ഉള്ള മണ്ഡലമായി മാറി. 2011 ലെ തിരഞ്ഞെടുപ്പിൽ, നിലവിലെ നിയമസഭാംഗം ആയ വി എൻ വാസവനെ വെറും എഴുന്നൂറോളം വോട്ടുകൾക്ക് മാത്രം പരാജയപ്പെടുത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ വളരെ വലിയ ഭൂരിപക്ഷത്തിനു വിജയിച്ചു, മണ്ഡലത്തെ ഒരു യുഡിഎഫ് മണ്ഡലം ആക്കി മാറ്റിയിട്ടുണ്ട്.
പ്രവചനം: മണ്ഡലം പരിപാലിക്കുന്നതിൽ അതീവ ശ്രദ്ധയും സാമർഥ്യവും കാണിക്കുന്ന തിരുവഞ്ചൂർ വീണ്ടും മത്സരിക്കുമ്പോൾ, കഴിഞ്ഞ തവണ മത്സരിച്ച അഡ്വക്കേറ്റ് കെ അനിൽകുമാർ തന്നെ സിപിഎമ്മിനായി മത്സരിക്കുന്നു. ബി ഡി ജെ എസ്സ് നായി പി അനിൽകുമാർ മത്സരിക്കുന്നു.
UDF: 71000
LDF: 43000
NDA: 10000
----------------------------------------------------------------
6. പുതുപ്പള്ളി
---------------------
കോട്ടയം ജില്ലയിലെ മറ്റൊരു കോൺഗ്രസ് പ്രാമുഖ്യമുള്ള മണ്ഡലം ആണ് പുതുപ്പള്ളി. ഉമ്മൻ ചാണ്ടി പതിറ്റാണ്ടുകളോളം മത്സരിച്ചു ജയിച്ചു വന്ന മണ്ഡലത്തിൽ 2023 ഇൽ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം മകൻ ചാണ്ടി ഉമ്മൻ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു.
അകലകുന്നം, അയർക്കുന്നം, കൂരോപ്പട, മണർകാട്, മീനടം, പാമ്പാടി, പുതുപ്പള്ളി, വാകത്താനം ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് പുതുപ്പള്ളി മണ്ഡലം.
പ്രവചനം: കോൺഗ്രെസ്സിനായി ചാണ്ടി ഉമ്മൻ മത്സരിക്കുമ്പോൾ, ഇടതു പക്ഷത്തുനിന്നും കെ എം രാധാകൃഷ്ണൻ മത്സരിക്കുന്നു. ബിജെപിക്കായി രവീന്ദ്രനാഥ് വാകത്താനം മത്സരിക്കുന്നു.
UDF: 74000
LDF: 39000
NDA: 16000
----------------------------------------------------------------
7. ചങ്ങനാശ്ശേരി
---------------------
ഐക്യ ജനാധിപത്യ മുന്നണിക്ക് പ്രാമുഖ്യം ഉള്ള മറ്റൊരു മണ്ഡലം ആണ്, ചങ്ങനാശ്ശേരി. കേരള കോൺഗ്രസിലെ മാണി വിഭാഗത്തിനും ജോസഫ് വിഭാഗത്തിനും ഒക്കെ സ്വാധീനമുള്ള മണ്ഡലം കൂടെയാണ് ചങ്ങനാശ്ശേരി. കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ജോബ് മൈക്കിൾ ഇടതു പക്ഷത്തു നിന്നും 2021 ൽ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റി, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി ഗ്രാമ പഞ്ചായത്തുകൾ ചേർന്നത് ആണ് ചങ്ങനാശ്ശേരി മണ്ഡലം.
മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യവും, സംസ്ഥാനത്തു നിലനിൽക്കുന്ന പൊതു ഭരണ വിരുദ്ധ വികാരവും ഐക്യ ജനാധിപത്യ മുന്നണിക്ക് അനുകൂലം ആണെങ്കിലും, മണ്ഡലത്തിലെ നിലവിലെ നിയമസഭാംഗം, ജോബ് മൈക്കിൾ നുള്ള അനുകൂല വികാരം വോട്ടായാൽ ഇടതു മുന്നണിക്കും സാധ്യതയുണ്ട്.
പ്രവചനം: ഇടതു മുന്നണിക്കായി ജോബ് മൈക്കിൾ, ഐക്യ ജനാധിപത്യ മുന്നണിക്കായി വിനു ജോബും മത്സരിക്കുമ്പോൾ , ബിജെപി യ്ക്കായി ബി രാധാകൃഷ്ണ മേനോനും മത്സരിക്കുന്നു.
LDF: 51000
UDF: 50000
NDA: 12000
----------------------------------------------------------------
8. കാഞ്ഞിരപ്പള്ളി
---------------------
ഒരു യുഡിഎഫ് അനുകൂല മണ്ഡലം ആണ് കാഞ്ഞിരപ്പള്ളി. ഇടതു പക്ഷത്തിനും ബിജെപിക്കും വ്യക്തമായ സ്വാധീന മേഖലകൾ ഉള്ള മണ്ഡലത്തിൽ, നിലവിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ എൻ ജയരാജ് ആണ് ഇടതു മുന്നണിക്കായി വിജയിച്ചിരിക്കുന്നതു.
ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല, കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം , വാഴൂർ, വെള്ളാവൂർ, പള്ളിക്കത്തോട് ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം.
എൻ ജയരാജ് തന്നെ ഇടതുമുന്നണിക്കായി മത്സരിക്കുമ്പോൾ, യുഡിഎഫ്ഫിനായി റോണി കെ ബേബി മത്സരിക്കുന്നു. നിലവിൽ കേന്ദ്ര മന്ത്രി ആയ ജോർജ് കുര്യൻ ബിജെപി ക്കായി മത്സരത്തിനിറങ്ങുമ്പോൾ മണ്ഡലത്തിൽ ഒരു ത്രികോണ മത്സര പ്രതീതി ഉണ്ട്.
പ്രവചനം: മണ്ഡലത്തിൽ എൻ ജയരാജിനുള്ള ആഴത്തിലുള്ള വ്യക്തിബന്ധങ്ങൾ, ഭരണ വിരുദ്ധ വികാരം മറികടക്കാൻ അദ്ദേഹത്തെ സഹായിക്കും എന്ന് വിലയിരുത്തപ്പെടുന്നു. കൂടാതെ ജോർജ് കുര്യൻ ൻറെ സാന്നിധ്യം കോൺഗ്രസിനെയും ചെറുതായി ബാധിച്ചേക്കാം.
----------------------------------------------------------------
9. പൂഞ്ഞാർ
---------------------
ഐക്യ ജനാധിപത്യ മുന്നണി രാഷ്ട്രീയത്തിന് മുൻതൂക്കം ഉള്ള സാമുദായിക രാഷ്ട്രീയ സാഹചര്യങ്ങൾ ആണ് മണ്ഡലത്തിൽ നിലവിലുള്ളത്. എന്നാൽ പിസി ജോർജ് എന്ന വ്യക്തിത്വത്തിന് ചുറ്റും കറങ്ങുന്ന രാഷ്ട്രീയം ആണ് പൂഞ്ഞാർ മണ്ഡലത്തിൽ നാളുകൾ ഏറെയായി.
ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി, പൂഞ്ഞാർ, പൂഞ്ഞാർ - തെക്കേക്കര, തീക്കോയി, തിടനാട്, എരുമേലി, കൂട്ടിക്കൽ, കോരുത്തോട്, മുണ്ടക്കയം, പാറത്തോട് ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് പൂഞ്ഞാർ മണ്ഡലം. 2016 ൽ ഇരുമുന്നണികളേയും വെല്ലു വിളിച്ചു , സ്വതന്ത്രനായി മത്സരിച്ചു പിസി ജോർജിന് വിജയിക്കാനായ മണ്ഡലത്തിൽ, എന്നാൽ മുസ്ലിം ജനവിഭാഗങ്ങൾ എതിരായതോടെ , 2021 ൽ ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും രണ്ടാമൻ ആകേണ്ടി വന്നു. പിന്നീട ബിജെപി യിൽ ചേർന്ന പിസി ഇത്തവണ താമര ചിഹ്നത്തിൽ ആണ് മത്സരിക്കുന്നത്.
നിലവിലെ നിയമസഭാംഗം സെബാസ്റ്റ്യൻ കുളത്തുങ്കൽ ഇടതുമുന്നണിക്കായും, എംജെ സെബാസ്റ്റ്യൻ കോൺഗ്രെസ്സിനെയും പ്രതിനിധീകരിച്ചു മത്സരിക്കുന്നു.
പ്രവചനം: പിസി ജോർജ് വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടാൻ സാധ്യതയുള്ള മണ്ഡലത്തിൽ, പിസി ക്കു തന്റെ വ്യക്തിഗത വോട്ടുകൾ താമര ചിഹ്നത്തിൽ പോൾ ചെയ്യാനുള്ള കഴിവും പരീക്ഷിക്കപ്പെടുന്നത് ആണ്.
UDF: 48000
NDA: 44000
LDF: 40000
-----------------------------------------------------------------------------
പൊതുചിത്രം: ഐക്യ ജനാധിപത്യ മുന്നണിക്ക് മുൻതൂക്കം ഉള്ള ജില്ലയാണെങ്കിലും, 2021 ൽ കേരള കോൺഗ്രസ് മാണിയുടെ മുന്നണി മാറ്റവും, ഭരണാനുകൂല സാഹചര്യവും ഇടതു മുന്നണിക്ക് മുൻതൂക്കം നൽകിയിരുന്നു.ആകെയുള്ള ഒൻപതു മണ്ഡലങ്ങളിൽ അഞ്ചു മണ്ഡലങ്ങളിൽ ജയിക്കാൻ ഇടതു പക്ഷത്തിനു കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ പിസി ജോർജിൻറെ ബിജെപി പ്രവേശനവും, ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ടുള്ള ബിജെപിയുടെ പ്രവർത്തനങ്ങളും ജില്ലയിൽ ചെറിയ തോതിലെങ്കിലും ചലനങ്ങൾ സൃഷിടിച്ചേക്കാം. ഇത് പ്രകടമാക്കാൻ സാധ്യത ഉള്ളത് പൂഞ്ഞാർ, പാലാ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിൽ ആണ്.
ഐക്യ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം, കൈവശം ഉള്ള നാല് മണ്ഡലങ്ങളിൽ മൂന്നും വളരെ എളുപ്പത്തിലും മികച്ച ഭുരിപക്ഷത്തിലും നിലനിർത്താൻ സാധിക്കുന്നത് ആണ്. പുതുപ്പള്ളി, കടുത്തുരുത്തി, കോട്ടയം മണ്ഡലങ്ങൾ ആണിവ. പാലായിൽ ഷോൺ ജോർജിന്റെ സാന്നിധ്യം ആണ് ഐക്യ ജനാധിപത്യ മുന്നണിക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാക്കുന്നതു. എങ്കിലും അവിടെ മുന്നണിക്ക് നേരിയ മുൻതൂക്കം നിലനിർത്താൻ സാധിക്കുന്നുണ്ട്.
ഇടതു മുന്നണിക്ക് വൈക്കം മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്താൻ സാധിക്കുമെങ്കിലും, കഴിഞ്ഞ തവണ വിജയിച്ച പൂഞ്ഞാറിലും ചങ്ങനാശ്ശേരിയിലും, ഏറ്റുമാനൂരിലും കനത്ത മത്സരം നേരിടേണ്ടി വരുന്നുണ്ട്. പൂഞ്ഞാർ കയ്യിൽ നിന്നും നഷ്ടപ്പെടാനുള്ള സാഹചര്യം ഉള്ളപ്പോൾ, ചങ്ങനാശ്ശേരിയിലും , ഏറ്റുമാനൂരിലും സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ പ്രകടനത്തിന്റെ മേന്മയിൽ നേരിയ മുൻതൂക്കം നില നിർത്താൻ സാധിക്കുന്ന്നുണ്ട്. ഒരു തരംഗം എതിരായി ഉണ്ടായാൽ, ഈ മണ്ഡലങ്ങൾ ഒക്കെ തന്നെ ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് കൈവിടാൻ വളരെ സാധ്യത നിലനിൽക്കുന്നു. കാഞ്ഞിരപ്പള്ളി മണ്ഡലവും സ്ഥാനാർഥി യുടെ മികവിൽ മികച്ച ഭൂരിപക്ഷത്തിൽ നില നിർത്താൻ ഇടതു മുന്നണിക്ക് സാധിക്കുന്നുണ്ട്. ഇവിടെ ബിജെപി യുടെ പ്രകടനവും നിർണായകം ആണ്.
ബിജെപിക്ക് പാലാ, പൂഞ്ഞാർ മണ്ഡലങ്ങളിൽ നേരിയതെങ്കിലും ജയ സാധ്യത നിലനിൽക്കുമ്പോൾ, കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ശക്തമായ പോരാട്ടം കാഴ്ച വെക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
LDF: 4(-1)
UDF: 5(+1)
NDA: 0










Comments
Post a Comment