ഒരു ഇന്ത്യൻ ബേസിക് ട്രെയ്നർ കഥ


ഈ ആഗസ്ത് മാസം 11 ന് പ്രതിരോധ മന്ത്രാലയം  106 ബേസിക് ട്രെയ്നർ  എയർക്രാഫ്റ്റ് പൊതുമേഖലാ സ്ഥാപനമായ HAL ഇല്‍ നിന്നും വാങ്ങാൻ ധാരണ ആയിരിക്കുന്നു. പേര് വിശദമാക്കുന്നത് പോലെ ഇത് ഒരു ബേസിക് ട്രെയ്നർ  മാത്രമാണ്. ഒരു യുദ്ധ വിമാനം നിർമ്മിക്കുന്നതിന് വേണ്ട സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ ഒന്നും തന്നെ ഇതിന്റെ നിര്‍മ്മാണ, രൂപകല്‍പന ഘട്ടത്തില്‍ ആവശ്യം ഉള്ളതും അല്ലാ. എന്നാൽ തന്നെയും HAL രൂപ കല്‍പന ചെയതു നിർമ്മിച്ച HTT-40 ബേസിക് ട്രെയ്നർ അതിന്റെ പരീക്ഷണ ഘട്ടവും എയർ ഫോഴ്സ് വിഭാവനം ചെയ്ത മാനദണ്ഡങ്ങളും തിളക്കമോടെ തന്നെ മറി കടന്നു അന്തിമ ഘട്ടം ആയ നിര്‍മ്മാണ കരാറില്‍ എത്തി നിൽക്കുന്നത്  ഭാരതത്തിന്റെ പ്രതിരോധ മേഖലയെ നിരീക്ഷിക്കുന്ന, അതിന്റെ വളര്‍ച്ചയേയും സ്വയം പര്യാപ്തതയും നെഞ്ചോടു ചേർത്തു നിർത്തുന്ന എല്ലാവർക്കും  വളരെയധികം ആഹ്ളാദകരമായ ഒരു കാര്യം ആണ്‌.

Image

എന്നാല്‍ തന്നെയും ഈ ഒരു തീരുമാനം അവസാനിപ്പിച്ചിരിക്കുന്നതു ഏകദേശം ഒന്നര ദശകം നീണ്ടു നിന്ന HAL - IAF വടം വലിയും തര്‍ക്കങ്ങളും ആണ്‌. അതിലുപരി മുൻകാല  പ്രതിരോധ മന്ത്രാലയങ്ങളുടെ നിരുത്തരവാദപരമായ, ദീര്‍ഘ വീക്ഷണം ഇല്ലാത്ത നയ പരിപാടികളും കാര്യക്ഷമത ഇല്ലായ്മയും വിളിച്ചോതുന്നു എന്നതും ഇതിന്റെ പ്രസക്തി വർദ്ധിപ്പിക്കുന്നു.

ഇനി കുറച്ചു വർഷം പുറകോട്ടു......

ഭാരതീയ വായുസേനയുടെ കേഡറ്റ് പരിശീലനം 3 തലത്തിൽ ആണ് നടത്തുന്നത് . ബേസിക് ട്രെയ്നർ , ഇന്റർമീഡിയറ്റ് ജെറ്റ് ട്രെയ്നർ , പിന്നീട് അഡ്വാൻസ്ഡ് ജെറ്റ് ട്രെയ്നർ  എന്നിങ്ങനെ ആണ് പരിശീലന പരിപാടി നിർണ്ണയിച്ചിരുന്നത് . ഇതിൽ ബേസിക് ട്രെയ്നർ വിഭാഗത്തിൽ ഉപയോഗിച്ചിരുന്നത് HAL 1977 ഇൽ വികസിപ്പിച്ചെടുത്ത HPT-32 ദീപക് ബേസിക് ട്രെയ്നർ ആയിരുന്നു . ഈ വിമാനങ്ങൾ 2009 ഇൽ രണ്ടു വൈമാനികരുടെ ജീവൻ കവർന്ന ഒരു അപകടത്തിന് ശേഷം തുടർ ഉപയോഗത്തിന് സാധ്യം അല്ല എന്ന് കണ്ടു, കണ്ടം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ആകെ 19 വൈമാനികരെ ആണ് സേനയ്ക്ക് 17 അപകടങ്ങളിൽ ആയി നഷ്ടമായത്.

പുതിയ ഒരു ബേസിക് ട്രെയ്നർ (HTT -40 )നിർമ്മിക്കാനുള്ള HAL ന്റെ ആവശ്യം വായുസേന തള്ളുകയും ആഗോള വിപണിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനായി മുന്നോട്ടു പോകുകയും ചെയ്തു. വായുസേനയെ സംബന്ധിച്ച് ട്രെയ്നറുകളുടെ അഭാവം അടിയന്തിരമായി നികത്തേണ്ടതായിരുന്നു. ഇതാണ് 2012 ഇൽ 75 Pilatus 7 mark 2 ട്രെയ്നറുകൾ സ്വിറ്റ്‌സർലാൻഡിൽ നിന്നും ഇറക്കുമതി ചെയ്യാനുള്ള കരാറിൽ എത്തിയത്. ഇവ 2013 മുതൽ ഘട്ടം ഘട്ടമായി സേനയുടെ ഭാഗമായി തുടങ്ങി. തുടർന്ന് ബാക്കി ആവശ്യമുള്ള 106 വിമാനങ്ങൾ വാങ്ങുന്നത്   സേനയും പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള തർക്കങ്ങളിൽ ആണ് കലാശിച്ചത്. അന്നത്തെ വ്യോമസേനാ മേധാവി NAK Browne പ്രതിരോധ മന്ത്രി ആൻ്റണിയ്ക്ക് കൂടുതൽ Pilatus വിമാനങ്ങൾ ഇറക്കുമതി ചെയ്യണം എന്ന് അഭ്യർത്ഥിച്ചു നേരിട്ടു കത്ത് എഴുതുക പോലും ഉണ്ടായി. തുടക്കം മുതൽ വ്യോമസേന HAL വിഭാവനം ചെയ്ത HTT -40 പദ്ധതിയെ എതിർക്കുകയാണുണ്ടായത്. എന്നാൽ HAL സ്വന്തം നിലയിൽ പദ്ധതിയുമായി മുന്നോട്ടു പോകുകയും ചെയ്തു.

ഈ തർക്കവിതർക്കങ്ങളും കുറ്റകരമായ അനാസ്ഥയും ചെന്നെത്തിച്ചത് വ്യോമസേന പൈലറ്റ് ട്രെയിനിങ്  കാര്യക്രമം തന്നെ പൊളിച്ചെഴുതുന്നതിലാണ്. നാലു വർഷക്കാലത്തോളം ബേസിക് ട്രെയ്നർ ഇല്ലാത്ത അവസ്ഥയിൽ ആയ വ്യോമസേന അവരുടെ യുവ വൈമാനികരെ നേരിട്ട് ഇന്റർമീഡിയറ്റ് ട്രെയ്നറിൽ പരിശീലനം നല്കാൻ നിർബന്ധിതരായി.

ഇതിനിടയിൽ വ്യോമസേന Pilatus നു അനുകൂലമായി മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി എന്ന ആരോപണങ്ങൾ ഉയരാനും തുടങ്ങിയിരുന്നു.

ഇത് പിന്നീട് വന്ന മോദി സർക്കാർ ആരംഭിച്ച അന്വേഷണങ്ങളിൽ വാദ്രയുടെ സുഹൃത്തും ആയുധ ഇടനിലക്കാരനുമായ സഞ്ജയ് ഭണ്ഡാരി, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ പിന്നെ പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത വ്യോമസേനാ ഉദ്യോഗസ്ഥർ വരെ എത്തി നിൽക്കുകയാണ് . കമ്മിഷൻ പറ്റിയതും Pilatus നെ വഴിവിട്ടു സഹായിച്ചതും എല്ലാം പുറത്തു വന്നു കൊണ്ടിരിക്കുന്നു. കരാറിന്റെ ഭാഗമായി ലഭിച്ച ഹവാല പണമിടപാടുകൾ ദുബായ് , ലണ്ടൻ തുടങ്ങിയ സ്ഥലങ്ങളിൽ നിക്ഷേപിച്ചതായും വാർത്തകൾ വന്നു കൊണ്ടിരിക്കുന്നു. സിബിഐ , ED തുടങ്ങിയ ഏജൻസികൾ അന്വേഷണം തുടർന്നുകൊണ്ട് ഇരിക്കുകയും Pilatus നെ മോദി സർക്കാർ ബ്ലാക്ക്‌ലിസ്റ്റിൽ പെടുത്തുകയും തുടർ ഇടപാടുകൾ പൂർണ്ണമായും നിർത്തലാക്കുകയും ചെയ്തു. യുപിഎ സര്‍ക്കാരും അവരുടെ സില്‍ബന്ധികളും അഴിമതി സുരക്ഷാ സേനയുടെ അകത്തളങ്ങളില്‍ വരെ എത്തിച്ചു എന്നത് നടുക്കത്തോടെയെ  ഉള്‍ക്കൊള്ളാനാകൂ.

ഇതിനെല്ലാം ഒരു മാറ്റം കാണാൻ തുടങ്ങിയത് സ്വ: ശ്രീ മനോഹർ പരീക്കർ പ്രതിരോധ മന്ത്രി ആയി 2014 നവംബറിൽ സ്ഥാനമേറ്റതോടു കൂടിയാണ്. 2015 മാർച്ചിൽ മന്ത്രാലയം തദ്ദേശീയ വിമാനം ആണ് മുന്നോട്ടുള്ള ഏക വഴി എന്ന്  വ്യോമസേനയോടു അസന്ദിഗ്ധമായി വ്യക്തമാക്കുകയും പരീക്കർ HTT - 40 പ്രോജെക്ടിൽ വ്യക്തിപരമായ താല്പര്യം തന്നെ എടുക്കുകയും ചെയ്തു. കൂടാതെ പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിൽ ഒരു കമ്മിറ്റിയെ നിയമിക്കുകയും ചെയ്തു. ഇനിയും മറ്റു കാലതാമസം ഒഴിവാക്കി HTT - 40 പൂർണ്ണതയിൽ എത്തിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. പിന്നെ സംഭവിച്ചത് ചരിത്രം.


2016 ജൂൺ മാസം പരീക്കറുടെ സാന്നിദ്ധ്യത്തിൽ തന്നെ ആദ്യ പരീക്ഷണ പറക്കൽ ,2019 ഇൽ നിർണ്ണായകമായ സ്പിൻ ടെസ്റ്റ് കൂടെ വിജയകരമായി പൂർത്തിയായതോടെ വ്യോമസേനാ മേധാവി Rakesh Kumar Singh Bhadauria തന്നെ HTT - 40 പ്രോട്ടോടൈപ്പ് പറത്തുകയുണ്ടായി. ആറു വർഷം മുൻപ് അന്നത്തെ വ്യോമസേനാ മേധാവി HAL നു പ്രാപ്തിയില്ല എന്നും ഇറക്കുമതി ആണ് പോംവഴി എന്നു പറഞ്ഞിടത്തു നിന്നും ഇപ്പോഴത്തെ മേധാവി തന്നെ ഒരു പ്രോട്ടോടൈപ്പ് വിമാനം ഒരു മണിക്കൂറോളം പറത്തി വ്യോമസേനയ്ക്കുള്ള വിശ്വാസം രേഖപ്പെടുത്തി എന്നത് ഇതിനു ചുക്കാൻ പിടിച്ച HAL ൻറെ യുവ സംഘത്തിൻറെ കഴിവിലും ആത്മസമർപ്പണത്തിനും, പുതിയ ഭാരതത്തിന്റെയും ദൃഷ്ടാന്തം തന്നെ എന്ന് പറയാതെ വയ്യ. 

ആദ്യമായി ഒരു വ്യോമസേനാ മേധാവി പ്രോട്ടോടൈപ്പ് വിമാനം പറത്തുക , രൂപകൽപ്പന വേളയിൽ നിന്നും സേനാ ഉപയോഗത്തിനായി വാങ്ങൽ കരാർ ഏറ്റവും വേഗത്തിൽ എത്താൻ സാധിക്കുക തുടങ്ങിയ നാഴിക കല്ലുകൾ താണ്ടാൻ HTT - 40 ക്കു സാധിച്ചു. 

വാൽകഷ്ണം : താരതമ്യേന ലളിതമായ ഒരു ബേസിക് ട്രെയ്നർ ഉണ്ടാക്കാൻ വേണ്ടി പോലും വേണ്ട വിധം പ്രോത്സാഹനമോ അംഗീകാരമോ കൊടുക്കാത്തവർ ആണ് അതി സങ്കീർണ്ണമായ റാഫേൽ യുദ്ധ വിമാന കരാറിൽ നിന്ന് HAL നെ ഒഴിവാക്കി എന്ന് മുതല കണ്ണീർ പൊഴിച്ചു കൊണ്ട് ഇരുന്നത്.

Comments

Post a Comment